മാനസിക സമ്മർദ്ദം ഒഴിവാക്കാനായി പ്രവാസികൾക്ക് നോർക്ക ഹെൽപ്പ് ഡെസ്‌ക് ടെലി കൗൺസിലിംഗ് നൽകുന്നു
ദമാം: കോവിഡ് -19 അസുഖം ദിവസം കൂടുംതോറും വർധിക്കുന്ന സാഹചര്യത്തിൽ രോഗ്യപ്രതിസന്ധിയും സാമ്പത്തികപ്രതിസന്ധിയും മൂലം മാനസിക സമ്മർദ്ദത്തിൽ കഴിയുന്ന സഊദിയിലെ പ്രവാസികൾക്ക്, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ടെലി കൗൺസലിങ് സേവനങ്ങൾ ഏറെ ആശ്വാസം നൽകുന്നു. ടെലി കൗൺസിങ് തുടങ്ങി ഒരാഴ്ച്ച പിന്നിടുമ്പോൾ സഊദിയിൽ നിന്ന് തന്നെ നൂറുകണക്കിന് പ്രവാസികൾക്കാണ് നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ കൗൺസിലർമാർ, ടെലി കൗൺസലിങ് നടത്തിയത്. ടിറ്റോ ജോണി കണ്ണാട്ടിന്റെ നേതൃത്വത്തിൽ ആറു വനിതകളും ആറു പുരുഷന്മാരും അടങ്ങുന്ന ടീമിനെയാണ് നോർക്ക ടെലികൗൺസലിങ് സേവനങ്ങൾക്ക് ഏർപ്പാടാക്കിയത്.
വിദഗ്‌ധ പരിശീലനം നേടിയിട്ടുള്ള ടിറ്റോ ജോണി കണ്ണാട്ട്, ആൻസി ജോർജ്ജ്, ബിന്ദ് ബേബി, ബിനീഷ വിനയൻ, ദിജു ചിറയത്ത് ജോയ്, കുര്യൻ ജോൺ, റെജി ചെറിയാൻ, സീനമോൾ ജോസഫ്, സീമ മാത്യു, സ്വീറ്റി ഡേവിസ്, ഷാജി പി ജോസഫ്, ടോജി കുര്യൻ തുടങ്ങി പന്ത്രണ്ടു കൗൺസിലർമാർ ആണ് നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ടെലി കൗൺസലിങ് ടീമിൽ ഉള്ളത്. സഊദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ നോർക്ക ലീഗൽ കൺസൾട്ടന്റ് അഡ്വ: വിൻസൻ തോമസ് ആണ് ടെലി കൗൺസലിങ് സേവനങ്ങളെ ഏകോപിപ്പിയ്ക്കുന്നത്. സഊദിയിൽ മാനസികസമ്മർദ്ദം നേരിടുന്ന കൊവിഡ് ബാധിച്ചവരും അല്ലാത്തവരുമായ വനിതകൾ ഉൾപ്പെടെയുള്ളവർ ദിവസവും നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ടെലി കൗൺസലിങ് വിഭാഗത്തിലേക്ക് ഫോൺ വിളിച്ചു സംസാരിയ്ക്കുന്നുണ്ട്.
അതോടൊപ്പം, രോഗം ബാധിച്ച പ്രവാസികളെക്കുറിച്ച് വിവരം നോർക്ക ഹെൽപ്പ്‌ഡെസ്‌ക്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അവരെ ഇങ്ങോട്ട് ബന്ധപ്പെട്ടു കൗൺസിലിങ് നൽകുന്നുമുണ്ട്. അവരുമായി സംസാരിച്ച് രോഗങ്ങളെ കുറിച്ചുള്ള ഭയപ്പാട് മാറ്റി മാനസികമായ പിരിമുറുക്കം ഇല്ലാതാക്കി മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമമാണ് ടെലികൗൺസിലർമാർ നൽകുന്നത്. തുടർ കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് വീണ്ടും നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."