'കൊവിഡ് ജീവനെടുക്കുന്ന ഇന്ത്യക്കാർ കൂടുന്നു, ഗൾഫ് രാജ്യങ്ങൾ കനിഞ്ഞിട്ടും കണ്ണു തുറക്കാത്ത സ്വദേശമേ നിങ്ങളുടെ കനിവിനായി കണ്ണുനട്ടിരിപ്പാണ് ഓരോ പ്രവാസിയും'- കേന്ദ്ര അവഗണനക്കെതിരെ അശ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്
ദുബൈ: വിദേശ പൗരൻമാരായിട്ടും ഗൾഫ് രാജ്യങ്ങൾ തങ്ങളോട് കാണിക്കുന്ന കാരുണ്യം പോലും സ്വരാജ്യമായ ഇന്ത്യയിൽ നിന്നുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകൻ അശ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഇന്ത്യയിലേയ്ക്ക് സർവ്വീസ് നടത്തുവാൻ തയ്യാറാണെന്ന് യുഎഇയിലെ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്ളൈ ദുബായ്, എയർ അറേബ്യാ എന്നിവ അറിയിച്ചിട്ടും സ്വന്ത ചിലവിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് ഉറപ്പു നൽകിയിട്ടും യാതൊരു പ്രതികരണവും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് രോഗം മൂലം വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നത്,പ്രവാസികളെ മൊത്തം ആശങ്കയിലാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. രോഗികളെയും, പ്രായമായവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചില്ലെങ്കിൽ മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയർന്നേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
പോസ്റ്റിന്റെ പൂർണരൂപം
സാധാരണക്കാർക്ക് മനസ്സിലാക്കുന്ന ഭാഷയിലാണ് ഞാൻ നിങ്ങളുമായി സംവദിക്കാറുളളത്.കൊവിഡ് രോഗം മൂലം വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നത്,പ്രവാസികളെ മൊത്തം ആശങ്കയിലാക്കുന്നു.ഇത് എഴുതി കൊണ്ടിരിക്കുന്ന സമയത്തും കൊവിഡ് മൂലം റാസൽ കൈമയിൽ ഒരു മലയാളി കൂടി മരണപ്പെട്ടു.ത്യശൂർ ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫയാണ്,മരണപ്പെട്ടത്. യു.എ.ഇയിൽ മാത്രം ഇതോട് കൂടി 29 മലയാളികളാണ് മരണപ്പെട്ടത്. കൊവിഡ് മൂലം മരണപ്പെടുന്ന വിദേശ ഇന്ത്യക്കാരുടെ ആശ്രിതർക്ക് 5 ലക്ഷം ധനസഹായം നൽകണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.അതിന് വേണ്ടി കേരള ഗവൺമെന്റ് കേന്ദ്ര സർക്കാരിൽ സമർദ്ധം ചെലുത്തണമെന്നും ആവശ്യപ്പെടുകയാണ് .
രോഗികളെയും, പ്രായമായവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചില്ലെങ്കിൽ മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയർന്നേക്കാം,ഇനിയെങ്കിലും വൈകാതെ ബാക്കിയുളളവരെയെങ്കിലും നാട്ടിലെത്തിക്കുവാനുളള സംവിധാനങ്ങൾ ഒരുക്കണം.ഇന്ത്യയിലേയ്ക്ക് സർവ്വീസ് നടത്തുവാൻ തയ്യാറാണെന്ന് യുഎഇയിലെ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്ളൈ ദുബായ്, എയർ അറേബ്യാ എന്നിവ അറിയിച്ചിട്ടും യാതൊരു പ്രതികരണവും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല,.ഇപ്പോൾ കുവൈറ്റും സ്വന്ത ചിലവിൽ ഇൻഡ്യക്കാരെ നാട്ടിലെത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രാനുമതി നൽകിയാൽ മാത്രം മതിയാകും.നിങ്ങളുടെ മൗനം മൂലം ഈ അറബ് രാജ്യങ്ങളിലെ നേതാക്കൾ പ്രവാസികൾക്ക് നൽകുന്ന ആനുകൂല്യങ്ങളാണ് ഇല്ലാതാകുന്നത്,ഇവിടെ മണലാരണ്യത്തിൽ മരുപ്പച്ച ഒരുക്കിയവരാണ് പ്രവാസികളായ നമ്മൾ. അതിന് ഈ ഗൾഫ് രാജ്യങ്ങൾ നമ്മുക്ക് നൽകുന്ന കാരുണ്യമാണ് ഈ ആനുകൂല്യങ്ങൾ..അതിനെയും വേണ്ടെന്ന് വെച്ച് സാധാരണക്കാരായ പ്രവാസികൾക്ക് അമിതമായ ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കാനുളള തന്ത്രമാണോ ഈ യാത്ര വൈകിപ്പിക്കുന്നതിന്റെ പിന്നിലെന്ന് സംശയം വർദ്ധിപ്പിക്കുന്നു.
യാത്രാ തുകയുടെ കാര്യത്തിൽ ഒരു വ്യക്തത ഇതുവരെയും ഉണ്ടായിട്ടില്ല.എംബസികളിൽ നടക്കുന്ന രജിസ്ട്രഷനിൽ ടിക്കറ്റിന്റെ കാര്യത്തിൽ വ്യക്തതയില്ല.പ്രവാസികളെ മടക്കി കൊണ്ട് പോകുന്ന കാര്യത്തിൽ തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ തീർത്തും സൗജന്യമായി നാട്ടിലെത്തിക്കണം. നിങ്ങളുടെ അനങ്ങാപ്പാറ നയമാണ് ഒരുപാട് വിദേശ ഇന്ത്യക്കാരുടെ മരണത്തിന് കാരണമായത്.ഇനിയും മരണസംഖ്യ കൂടാൻ ഇടവരരുത്.പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിന്ന് പ്രവാസി ഇൻഡ്യക്കാർക്ക് വേണ്ടി ഈ ആവശ്യങ്ങൾ സർക്കാരിൽ ശക്തമായി ആവശ്യപ്പെടണം.ഇവിടെ ഓരോ പ്രവാസികളും ആകാശത്തിലും കടലിലും നോക്കിയിരിക്കുകയാണ്.എന്നാണ്,എപ്പോഴാണ് സ്വന്തം രാജ്യത്തിൽ നിന്ന് കനിവ് കിട്ടുകയെന്നറിയാൻ.നാളെ,നാളെ എന്ന പ്രതീക്ഷയോടെ.........കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."