'ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് സുരക്ഷയ്ക്കും ദുരന്ത പ്രതിരോധത്തിനും'
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരേയുള്ള ധൂര്‍ത്ത് ആരോപണങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷയ്ക്കും ദുരന്ത പ്രതിരോധനത്തിനുമാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ 'നാം മുന്നോട്ടി'ലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങള്‍ക്കും വിമാനങ്ങളോ ഹെലികോപ്റ്ററുകളോ ഉണ്ട്. വ്യോമസേനാ വിമാനങ്ങളുള്ളപ്പോള്‍ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതൊക്കെ ആവശ്യമായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നതിനേയും മുഖ്യമന്ത്രി ന്യായീകരിച്ചു. സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ കേസ് വരുമ്പോള്‍ ശരിയായ രീതിയില്‍ പ്രതിരോധിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ തന്നെ നിയോഗിക്കേണ്ടി വരും. യു.ഡി.എഫ് സര്‍ക്കാരും ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ മൊത്തം ഉപദേശകര്‍ക്കെല്ലാംകൂടി നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ശമ്പളം മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത്തരമൊരു നടപടിക്ക് നേതൃത്വം കൊടുത്ത അധ്യാപകന്റെ സ്‌കൂളിലെ കുട്ടികള്‍ തന്നെ അവരുടെ പ്രവര്‍ത്തിക്കുള്ള മറുപടി നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെയാണ് ചിലര്‍ എതിര്‍ക്കുന്നത്. അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടവരായാലും ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."