ലോകകപ്പ് ഫുട്ബോളില്‍ രാഷ്ട്രീയം; ഖത്തര്‍ ചാനലിനെതിരേ പരാതിയുമായി സഊദി
ജിദ്ദ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തില്‍ രാഷ്ട്രീയം കലര്‍ത്തിയെന്നാരോപിച്ച് സഊദി അറേബ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (സാഫ്) അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷനില്‍ പരാതി നല്കി.
സഊദി അറേബ്യയെയും അതിന്റെ ഭരണാധികാരികളെയും അവമതിക്കാനാണ് ഖത്തര്‍ ചാനലായ ബിഇന്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്ക് ഫുട്ബോള്‍ ലോകകപ്പ് മല്‍സരങ്ങളെ ഉപയോഗിക്കുന്നതെന്നാണ് സഊദിയുടെ ആരോപണം.
മേഖലയിലെ ജനങ്ങളില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ ചാനലിനെ ഉപയോഗിക്കുന്നതായും പരാതിയില്‍ പറയുന്നു.
സഊദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തെ സംപ്രേഷണ വേളയിലാണ് സഊദിക്കെതിരായ പരാമര്‍ശങ്ങള്‍ ചാനല്‍ നടത്തിയതെന്നാണ് സാഫിന്റെ ആരോപണം.
സ്പോര്‍ട്സിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഫിഫയുടെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും സംഘടന കുറ്റപ്പെടുത്തി.
ബിഇന്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കിനെതിരേ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാണ് സാഫിന്റെ ആവശ്യം.
ഇതിന്റെ ഭാഗമായി മിഡിലീസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും ലോകകപ്പ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം ചാനലില്‍ നിന്ന് എടുത്തുമാറ്റണം.
നിലവില്‍ ഇവിടങ്ങളില്‍ സംപ്രേഷണാവകാശമുള്ള ഏക ചാനലാണ് ബിഇന്‍.
ചാനല്‍ ഫിഫ നിയമങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് നിരവധി അറബ് നേതാക്കള്‍ ഫിഫയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഊദി ഫുട്ബോള്‍ ഫെഡറേഷനും പരാതിയുമായി എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."