പൊതുമാപ്പ്: വിദേശികള്‍ക്ക് വേണ്ടി ജവാസാത്ത് ഓഫിസുകള്‍ വൈകീട്ടും പ്രവര്‍ത്തിക്കുന്നു
ജിദ്ദ: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്ന വിദേശികളെ സ്വീകരിക്കുന്നതിന് ജവാസാത്തിനു കീഴിലെ വിദേശി നിരീക്ഷണ വകുപ്പ് വൈകിട്ടത്തെ ഷിഫ്റ്റിലും പ്രവര്‍ത്തനം തുടങ്ങിയതായി അല്‍ഖസീം ജവാസാത്ത് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അബൂഇഥ്നൈന് അറിയിച്ചു. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെയും വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെയുമാണ് അല്‍ഖസീം വിദേശി നിരീക്ഷണ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
വാരാന്ത്യ അവധി ദിവസങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളിലും അല്‍ഖസീം വിദേശി നിരീക്ഷണ വകുപ്പ് രണ്ടു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് മുന്നോട്ടു വരുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്താണ് വിദേശി നിരീക്ഷണ വകുപ്പിന്റെ പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതെന്നും ജവാസാത്ത് മേധാവി പറഞ്ഞു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്ന വിദേശികള്‍ക്ക് ജവാസാത്ത് കേന്ദ്രത്തില്‍ നിന്നോ വിദേശി നിരീക്ഷണ വകുപ്പില്‍ നിന്നോ ലഭിക്കുന്ന എക്സിറ്റ് വിസക്ക് അറുപത് ദിവസത്തെ കാലാവധിയുണ്ടെങ്കിലും പൊതുമാപ്പിന് അനുവദിക്കപ്പെട്ട സമയപരിധി അവസാനിക്കുന്നതിന് മുമ്പായി അവര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ ശിക്ഷാര്‍ഹരായിരിക്കുമെന്നും ജവാസാത്ത് പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്റ് മീഡിയാ റിലേഷന്‍സ് മാനേജര്‍ കേണല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സാദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."