തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് സ്ഥലം: ക്വട്ടേഷന്‍ വിളിക്കണമെന്ന് കലക്ടര്‍
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരസ്യം ചെയ്യാന്‍ അനുമതിക്ക് ക്വട്ടേഷന്‍ ക്ഷണിക്കാന്‍ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നിര്‍ദേശം നല്‍കി. അനധികൃതമായി സ്ഥാപിച്ച എല്ലാ പരസ്യബോര്‍ഡുകളും ചുമരെഴുത്തുകളും ഉടന്‍ നീക്കം ചെയ്യണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുയിടങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേയുള്ള ഹൈക്കോടതി വിധിയും കര്‍ശനമായ തെരഞ്ഞെടുപ്പ് ചട്ടങ്ങളും നടപ്പാക്കുന്നതിനായി പഞ്ചായത്ത് പരിധികളില്‍ സ്ഥാപിക്കുന്ന എല്ലാ അനധികൃത പരസ്യങ്ങളും നീക്കം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ നേരത്തേ നിര്‍ണയിച്ച് ചുവരെഴുത്തുകള്‍ക്കും പ്രചാരണ ബോര്‍ഡുകള്‍ക്കുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ലഭ്യമാക്കണം. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരാത്ത ദേശീയ പാത, പൊതുമരാമത്ത് റോഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് അനുവാദം നല്‍കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ടായിരിക്കില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സൗകര്യങ്ങള്‍ പോളിങ് ബൂത്തിലുണ്ടെന്ന് മാര്‍ച്ച് അഞ്ചിനകം സ്ഥാപനത്തിന്റെ മേധാവി ഉറപ്പു വരുത്തുകയും ഈ കേന്ദ്രത്തിലെത്തുന്നതിനായി റോഡുകള്‍ മെച്ചപ്പെടുത്താന്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കുകയും ചെയ്യണം.
നിയമാനുസൃതമല്ലാത്ത പരസ്യങ്ങളെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈല്‍ ആപ്പ് ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും അനധികൃത പരസ്യങ്ങളുടെയും മറ്റും ചിത്രം പകര്‍ത്തിയോ വീഡിയോ എടുത്തോ ആപ്പിലൂടെ അയച്ചാല്‍ 100 മിനുട്ടിനകം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
തുടര്‍ന്ന് വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന പരിശീലന ക്ലാസ് നടത്തി. യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍, ഹുസൂര്‍ ശിരസ്തദാര്‍, ജൂനിയര്‍ സൂപ്രണ്ട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."