നിരപരാധിയാണ്, തന്നെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു; നിയമസഭയില്‍ ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: അഞ്ചലില്‍ യുവാവിനെ മാതാവിനു മുന്നില്‍വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. തന്നെ കരിവാരിത്തേക്കാന്‍ മാധ്യമങ്ങളടക്കമുള്ള ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ നാളെ സത്യം തെളിയുമ്പോള്‍ തിരുത്തേണ്ടിവരുമെന്നും ഗണേഷ് നിയമസഭയില്‍ പറഞ്ഞു.
തന്റെ നിരപരാധിത്വം തെളിയിക്കപ്പെടും. ഇന്ന് ഞാന്‍ നാളെ നീ എന്നകാര്യം എല്ലാവരും മനസിലാക്കണം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കാര്യം മനസ്സിലാക്കണമെങ്കില്‍ ബൈബിളിലെ സങ്കീര്‍ത്തനം വായിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അതിനിടെ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കേസന്വേഷണ ചുമതലയില്‍ നിന്നും മാറ്റി. കേസില്‍ ദൃക്‌സാക്ഷി കൂടിയായ സി.ഐ, ഗണേഷിന് അനുകൂലമായ നിലപാട് എടുത്തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. മര്‍ദ്ദിക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരനായി നിന്നെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."