അപകടഭീഷണിയുയര്‍ത്തി മലയോര മേഖലയില്‍ കല്ലുവെട്ട് കുഴികള്‍
രാജപുരം: മലയോരത്ത് അപകടഭീഷണി ഉയര്‍ത്തി കല്ലുവെട്ട് കുഴികള്‍ വ്യാപകം. അനധികൃതമായി കല്ലുകള്‍ ഖനനം ചെയ്തുണ്ടാക്കുന്ന കുഴികളാണ് അപകടം വിളിച്ചുവരുത്തുന്നത്. ഇത്തരം കുഴിയില്‍ വീണ് കഴിഞ്ഞ ദിവസം ഒരാള്‍ മരണപ്പെട്ടിരുന്നു. മറ്റൊരു സംഭവത്തില്‍ സ്ത്രീക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരിയ മണ്ടേങ്ങാനത്തെ പി. ദാമുവാണ് കഴിഞ്ഞ ദിവസം കുഴിയില്‍ വീണ് മരണപ്പെട്ടത്.
കല്ലുവെട്ട് യന്ത്രം ഉപയോഗിച്ച് പരമാവധി ആഴത്തില്‍ കല്ലുമുറിക്കുകയും പിന്നീട് കിണറിന്റെ വലുപ്പത്തില്‍ കുഴികള്‍ മാറുകയും ചെയ്യുന്നു. അപകട ഭീഷണി ഉയര്‍ത്തുന്ന കല്ലുവെട്ട് കുഴികള്‍ കല്ല് വെട്ടി കഴിഞ്ഞാല്‍ മണ്ണിട്ട് മൂടുകയോ മതില്‍ കെട്ടി വേര്‍തിരിക്കുകയോ ചെയ്യണമെന്ന് കലക്ടറുടെ ഉത്തരവ് നിലവിലുണ്ട്.
എന്നാല്‍ കല്ലുവെട്ട് ഏജന്റുമാര്‍ ഈ നിര്‍ദേശം കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്. ഇതേ കുഴികള്‍ മഴക്കാലത്തും കാല്‍നടയാത്രക്കാര്‍ക്ക് പേടിസ്വപ്‌നമാകുന്നു.
വെള്ളം നിറഞ്ഞ് പറമ്പും കല്ല് വെട്ടുകുഴിയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. മലയോരത്തെ ഒരു പഞ്ചായത്തിലെ വാര്‍ഡില്‍ തന്നെ പതിനേഴ് കല്ലുവെട്ട് കുഴികള്‍ ഉണ്ടെന്നാണ് പറയുന്നത്. കല്ലുവെട്ട് കുഴികള്‍ മണ്ണിട്ട് നികത്തി കാല്‍നടയാത്രക്കും മറ്റും ഉപയോഗപ്രദമാക്കണമെന്ന് വാര്‍ഡ് മെംബര്‍മാരോടും പഞ്ചായത്ത് അധികൃതരോടും പലവട്ടം ആവശ്യപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."