രണ്ടാമൂഴം : സിനിമാ വിവാദത്തില്‍ വിധി 15ന്
കോഴിക്കോട്: എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതു സംബന്ധിച്ചുള്ള കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയതിനെതിരെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീലില്‍ ജില്ലാ കോടതി ഈ മാസം 15ന് വിധിപറയും.
കേസ് മധ്യസ്ഥന്‍ മുഖേന മധ്യസ്ഥതയിലൂടെ തീരുമാനിക്കേണ്ടതില്ലെന്ന് മുന്‍സിഫ് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീലിലാണ് 15ന് വിധി പറയുക.
മുന്‍സിഫ് കോടതി ഉത്തരവ് ജില്ലാ കോടതി താത്ക്കാലികമായി തടഞ്ഞിരിക്കയുമാണ്. ഇരു ഭാഗം അഭിഭാഷകരുടെയും വാദം ശനിയാഴ്ച കേട്ട ശേഷമാണ് കോടതി വിധിപറയാന്‍ മാറ്റിയത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും ശ്രീകുമാര്‍ മേനോന്‍ സിനിമ ചിത്രീകരണം തുടങ്ങാത്തതിനാല്‍ തിരക്കഥ തിരിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ട് എം.ടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് അപ്പീല്‍.
കേസ് മധ്യസ്ഥന്‍ പരിഗണിക്കണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. നിശ്ചിത സമയത്തിനകം കരാര്‍ നടപ്പാകാത്തതിനാല്‍ കരാര്‍ തന്നെ നില നില്‍ക്കത്തക്കതല്ലെന്നും ആര്‍ബിട്രേറ്ററെ നിയമിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും എം.ടിയുടെ അഭിഭാഷകന്‍ കെ.ബി.ശിവരാമകൃഷ്ണന്‍ വാദിച്ചു. എന്നാല്‍ ആര്‍ബിട്രേറ്ററെ അനുവദിക്കണമെന്നാണ് മറുവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."