വിദ്യാര്‍ഥികള്‍ക്കായി ലഹരി മാഫിയ ലഹരി മാഫിയയ്ക്കായി പൊലിസ്
അരീക്കോട്: സ്‌കൂളുകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കു പ്രവേശിച്ചപ്പോള്‍ വിദ്യാര്‍ഥികളെ പിന്തുടരുന്ന ഒരു വിഭാഗമുണ്ട്-ലഹരി മാഫിയ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു കഞ്ചാവും നിരോധിത പാന്‍മസാലകളും അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പന കൊഴുപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
വിദ്യാര്‍ഥികളെ വലയിലാക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ചെറുതും വലുതുമായ സംഘങ്ങള്‍ സജീവമാണ്. എന്നാല്‍, ഇവരെ വലയിലാക്കാന്‍ പൊലിസും ഒരുങ്ങിത്തന്നെയാണ്. ഇതിനായി ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ക്ലാസ് മുറികളിലേക്കു ലഹരിയെത്തിക്കുന്നതിനായി ചില വിദ്യാര്‍ഥികളെത്തന്നെയാണ് ലഹരി മാഫിയ കൂടെക്കൂട്ടുന്നത്. ഈ വിദ്യാര്‍ഥികള്‍ക്കു ബൈക്കും ആവശ്യാനുസരണം പണവും നല്‍കുന്നുണ്ട്. ടൗണുകളില്‍നിന്ന് ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലുമായി രാത്രികാലങ്ങളില്‍ സ്‌കൂള്‍ പരിസരങ്ങളിലെത്തിക്കുന്ന ലഹരി വസ്തുക്കള്‍ ഇടനിലക്കാര്‍ മുഖേനയാണ് വിദ്യാര്‍ഥികളിലെത്തുന്നത്. അതിനാല്‍ എങ്ങാനും പിടിക്കപ്പെട്ടാല്‍ കുടുങ്ങുന്നത് ഇടനിലക്കാരും ചില്ലറ വില്‍പനക്കാരും മാത്രമാണ്.
അപരിചിതരെ നിരീക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയതോടെ സംശയം തോന്നാതിരിക്കാന്‍ പെണ്‍കുട്ടികളെയും ലഹരി മാഫിയ കച്ചവടത്തിനായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അരീക്കോട് പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ പതിനേഴുകാരിയില്‍നിന്നു ബൈക്കില്‍ ഒളിപ്പിച്ചുവച്ച കഞ്ചാവ് പിടികൂടിയിരുന്നു.
അതേസമയം, ലഹരി മാഫിയയെ വലയിലാക്കാന്‍ വിവിധ പദ്ധതികളാണ് പൊലിസ് ആവിഷ്‌കരിച്ചിരിക്കുന്നത്. പരിശോധനയുടെ ഭാഗമായി സ്‌കൂള്‍ പരിസരങ്ങളിലെ കച്ചവടക്കാര്‍ക്കു നോട്ടീസ് നല്‍കും. വിദ്യാലയങ്ങളുടെ 200 മീറ്റര്‍ ദൂരപരിധിയില്‍ പരിശോധന നടക്കുന്നുണ്ട്. യൂനിഫോമില്ലാതെ മഫ്തിയില്‍ പൊലിസുകാര്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ പരിസരങ്ങളും നിരീക്ഷിക്കും. ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയതായി ജില്ലാ പൊലിസ് മേധാവി പ്രതിഷ് കുമാര്‍ പറഞ്ഞു.
സ്‌കൂളുകളിലെ അസംബ്ലിയിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു വിദ്യാര്‍ഥികള്‍ക്കു പൊലിസ് ബോധവല്‍ക്കരണം നല്‍കും. ലഹരി വില്‍പനയുമായി ബന്ധപ്പെട്ടു വിവരം ലഭിക്കുന്നവര്‍ ജില്ലാ പൊലിസ് മേധവിയുടെ 9497996976 എന്ന നമ്പറില്‍ അറിയിക്കണം. ഇത്തരം വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൊലിസ് അന്വേഷിക്കുകയോ പരസ്യപ്പെടുത്തുകയോ ഇല്ല.
കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നു സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം കടക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."