'എന്തു വിഢിത്തമാണിത്, റെയില്‍വേ തയ്യാറല്ലെങ്കില്‍ പി.എം കെയര്‍ ഫണ്ടില്‍ നിന്ന് എടുക്കണമായിരുന്നു'- തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കിയതിനെതിരെ സുബ്രഹ്മണ്യന് സ്വാമിയും
ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ചാര്‍ജ് ഈടാക്കിയ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി. എന്തൊരു നാണംകെട്ട നടപടിയാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ട്വിറ്റര്‍ വഴിയാണ് പ്രതികരണം.
'സ്വന്തം വീട്ടിലെത്താന്‍ പാടുപെടുന്ന അരപട്ടിണിക്കാരായ തൊഴിലാളികളില്‍ നിന്ന് പണം വാങ്ങുന്നത് എന്തു വിഢിത്തമാണ്. വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ എയര്‍ ഇന്ത്യയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത്. തൊഴിലാളികളെ സ്വന്തം നാട്ടില്‍ എത്തിക്കുന്ന ചെലവ് വഹിക്കാന്‍ റെയില്‍വെ തയാറല്ലെങ്കില്‍ എന്തുകൊണ്ട് പി.എം കെയര്‍ ഫണ്ടില്‍ നിന്നെടുത്തില്ല' - സ്വാമി ചോദിച്ചു.
റെയില്‍ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസുമായി ബന്ധപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം 85 ശതമാനവും സംസ്ഥാനങ്ങള്‍ 15 ശതമാനവും വഹിക്കുമെന്നും ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളുടെ പക്കല്‍ നിന്ന് പണം ഈടാക്കുകയും അതേസമയം 151 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും ചെയ്യുന്ന റെയില്‍വെയെ പരിഹസിച്ചുകൊണ്ട് നേരത്തേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് തുക പാര്‍ട്ടി വഹിക്കുമെന്നും അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."