കുമ്പളങ്ങിയില്‍ വയോധികന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു
പള്ളുരുത്തി: കുമ്പളങ്ങി മാളാട്ട് ബേക്കറിക്കു സമീപം കുരിശിങ്കല്‍ വീട്ടില്‍ ജോസഫ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ജോസഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഭാര്യ ലൂസി രംഗത്തെത്തി. തേവരയില്‍ ജോലി നോക്കുന്ന ഇവര്‍ വ്യാഴാഴ്ച്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ജോസഫ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
രാത്രിയോടെ ഏതാനും ചിലര്‍ ചേര്‍ന്ന് ജോസഫിന്റെ വീട്ടിലെത്തി കതക് ചവുട്ടി തുറക്കുകയും അസഭ്യം പറഞ്ഞു കൊണ്ട് ജോസഫിനെ ഇനി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീണിപ്പെടുത്തിയതായും ലൂസി പറഞ്ഞു. ജോസഫിനെ ജീവിക്കുവാന്‍ അനുവദിക്കില്ലെന്നും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ലൂസി പറയുന്നു.
വെള്ളിയാഴ്ച്ച രാവിലെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ മരിച്ച നിലയിലാണ് പിന്നീട് ജോസഫിനെ കണ്ടെത്തിയത്. മൃതദേഹത്തിന്റെ രണ്ട് കൈകളും പിന്നോട്ട് വലിച്ചു നിര്‍ത്തിയ നിലയിലായിരുന്നു. ശരീരത്തില്‍ ഒട്ടേറെ മുറിവുകളും ഉണ്ടായിരുന്നത്രേ.
സംഭവത്തില്‍ കൊല്ലശ്ശാണി വീട്ടില്‍ തോമസ് വാള്‍ഡ്രിന്‍ (തമ്പി-60 ) നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.
സംഭവം കാര്യമായ അന്വേഷണം നടത്താതെയും കൊലപാതകമെന്ന് സ്ഥിതീകരിക്കാതെയുമാണ് പൊലിസ് കേസ് എടുത്തിരിക്കുന്നത്. മൃതദേഹത്തില്‍ മുറിവുകളുള്ള കാര്യം ഗൗരവമായെടുക്കാതെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്നും ലൂസി കുറ്റപ്പെടുത്തുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."