ബംഗ്ലാദേശില്‍ പെരുന്നാള്‍ നിസ്കാരത്തിനിടെ സ്ഫോടനം; നാല് മരണം
ധാക്ക: ബംഗ്ലാദേശില്‍ പെരുന്നാള്‍ നിസ്കാരത്തിനിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടു തീവ്രവാദികളും ഒരു പൊലിസുകാരനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സ്വന്തം വീടിന്റെ ജനലിലൂടെ സംഭവം വീക്ഷിച്ച സ്ത്രീയാണ് കൊല്ലപ്പെട്ടത്. പെരുന്നാള്‍ നിസ്കാരസമയത്ത് തൊട്ടടുത്ത പൊലിസ് ചെക്ക്പോസ്റ്റിലാണ് സ്ഫോടനമുണ്ടായത്. വടക്കന്‍ കിഷോര്‍ഗഞ്ച് ജില്ലയിലെ ഷൊലാക്യയിലായിരുന്നു സംഭവം. രണ്ടു ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പെരുന്നാള്‍ നിസ്കാര സ്ഥലത്തിനു തൊട്ടടുത്തായിരുന്നു ആക്രമണം. സംഭവത്തില്‍ 13 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
പെരുന്നാള്‍ നിസ്കാരത്തിനെത്തുന്ന വിശ്വാസികളെ ദേഹപരിശോധന നടത്തിയിരുന്ന പൊലിസുകാരെയാണ് തീവ്രവാദികള്‍ ആദ്യം അക്രമിച്ചത്. ഏഴു തീവ്രവാദികളാണ് അക്രമം നടത്തിയതെന്നാണ് വിവരം. ആദ്യം സ്ഫോടനം നടത്തിയ അക്രമികള്‍ പിന്നീട് വെടിവയ്പ്പും നടത്തുകയായിരുന്നു. എന്നാല്‍, പെരുന്നാള്‍ നിസ്കാരത്തിനെത്തിയവര്ക്കു സംഭവത്തില്‍ പരുക്കേറ്റിട്ടില്ലെന്നു പൊലിസ് അറിയിച്ചു. നിസ്കാരത്തിനെത്തിയ ഒട്ടേറെ പേര് സംഭവസമയം സ്ഥലത്തുണ്ടായിരുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേര് കൊല്ലപ്പെട്ടിരുന്നു.
ബംഗ്ലാദേശില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നു ഭീകരസംഘടനയായ ഐ.എസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, തീവ്രവാദി ആക്രമണങ്ങള്‍ക്കു പിന്നില്‍ രാജ്യത്തുതന്നെയുള്ളവരാണെന്നാണ് സര്‍ക്കാര്‍ നിലപാട്.അതിനിടെ, സംഭവത്തില്‍ നാലു തീവ്രവാദികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."