കര്‍ഷകരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം: എ.എ ഷുക്കൂര്‍
ആലപ്പുഴ : സപ്ലെകോ ഉദ്യോഗസ്ഥരും, മില്ലുടമകളും ചേര്‍ന്ന് നെല്ല് സംഭരണത്തിന്റെ പേരില്‍ നടത്തുന്ന കര്‍ഷകദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് എ.എ.ഷുക്കൂര്‍ ആവശ്യപ്പെട്ടു.
നെടുമുടി കൃഷി ഭവന്റെ കീഴിലെ തൈച്ചേരി പാടശേഖരം, വണ്ടാനം കപ്പാംവേലി കൊക്കണം പാടശേഖരം, ഒറ്റവേലി പാടശേഖരം, കരുമാടി മഠത്തില്‍പ്പറമ്പ് പാടശേഖരം എന്നിവിടങ്ങളിലെല്ലാം ടണ്‍ കണക്കിന് നെല്ല് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംഭരിക്കാതെ കിടന്നു നശിക്കുകയാണെന്ന് ഷുക്കൂര്‍ പറഞ്ഞു.
സര്‍ക്കാര്‍ സമയബന്ധിതമായി ഓരുമുട്ടുകള്‍ സ്ഥാപിക്കാതിരുന്നത് മൂലമാണ് ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറി നെല്ലിന്റെ ഗുണമേന്മയ്ക്ക് കുറവ് വന്നത്. എന്നാല്‍ ഇതിന്റെ പാപഭാരം കര്‍ഷകന്റെ തലയില്‍ കെട്ടിവെച്ച് സപ്ലൈകോ ഉദ്യോഗസ്ഥോരും, മില്ലുടമകളും കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം. കര്‍ഷകന്റെയല്ലാത്ത കാരണത്താല്‍ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അന്യായമായ കിഴിവിലൂടെ കര്‍ഷകന് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ കര്‍ഷകന് നല്‍കാത്തപക്ഷം കടക്കെണിയിലാകുന്ന കര്‍ഷകര്‍ അടുത്ത കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നും ആയതിനാല്‍ കൃഷി മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ കുട്ടനാട്ടിലെ ബാക്കിയുള്ള നെല്ല് സംഭരണ വിഷയത്തില്‍ ഉണ്ടാവണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."