യാത്രാ ഇളവുകള്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് മാത്രം
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലുള്ള കുടിയേറ്റത്തൊഴിലാളികളെ മുഴുവന്‍ നാട്ടിലെത്തിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. അന്തര്‍ സംസ്ഥാന യാത്രക്ക് ഇളവുകള്‍ നല്‍കിയത് കുടിയേറ്റ തൊഴിലാളികള്‍ക്ക് വീട്ടിലെത്താനല്ല.
ലോക്ക് ഡൗണ്‍ മൂലം പലയിടങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇളവുകളെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.
ഇളവുകള്‍ നല്‍കിയതിന് തൊട്ടു പിന്നാലെ കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ ഒന്നിനു പിറകെ ഒന്നായി അപേക്ഷ നല്കിയ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട്. അതോടൊപ്പം പെട്ടുപോയ തൊഴിലാളികളുമുണ്ടാകും. അവരെ ഉദ്ദേശിച്ചാണ് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ബസുകളും പിന്നാലെ ട്രെയിനുകളും അനുവദിച്ചത്. ജോലി ആവശ്യത്തിന് മറ്റൊരു നാട്ടില്‍ താമസിക്കുന്നവര്‍, മറ്റൊരു നാട്ടില്‍ താമസിക്കവെ നാട്ടില്‍ പോകാന്‍ താല്പര്യം തോന്നിയവര്‍ തുടങ്ങിയവരൊന്നും ഈ ഇളവിന്റെ പരിധിയില്‍ വരില്ല.
ലോക്ക് ഡൗണിന് തൊട്ടു മുന്‍പ് മറ്റൊരു സംസ്ഥാനത്തെത്തി കുടുങ്ങിപ്പോയവര്‍ക്കാണ് ഇളവ്. കുടിയേറ്റക്കാര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, മറ്റു കുടുങ്ങിപ്പോയവര്‍ എന്നിവരാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. നാട്ടില്പ്പോകാനുള്ള സൗകര്യമായി ഇതിനെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുത്. നാട്ടിലുള്ള കുടിയേറ്റത്തൊഴിലാളികളെയെല്ലാം നാട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്യേണ്ടതില്ല- കേന്ദ്രം വ്യക്തമാക്കി.
നേരത്തെ, സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി കത്തെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."