മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എം.എല്‍.എമാരുടെ കൂട്ടായ്മ ; മെഡി. കോളജിന് ലഭിച്ചത് ബസും ആംബുലന്‍സും നിരവധി ജീവന്‍രക്ഷാ ഉപകരണങ്ങളും
സലീം മൂഴിക്കല്‍
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനായി മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കൈകോര്‍ത്തപ്പോള്‍ ആശുപത്രിക്ക് ലഭിച്ചത് 3.11 കോടിയുടെ ഉപകരണങ്ങള്‍. തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് കക്ഷി രാഷ്ട്രീയത്തിനതീതമായി ജില്ലയിലെ മന്ത്രിമാരും എം.എല്‍.എമാരും മെഡിക്കല്‍ കോളജിനായി കൈകോര്‍ത്തത്.
രാഷ്ട്രീയവും വിഭാഗീയതയും മാറ്റിവച്ചുള്ള ജനപ്രതിനിധികളുടെ കൂട്ടായ്മ ആരോഗ്യ മേഖലക്ക് പുത്തനുണര്‍വാണ് നല്‍കിയത്. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ സംരംഭത്തില്‍ പങ്കാളികളായി. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ മെഡിക്കല്‍ കോളജിലെ ഡോ. ജയറാം പടിക്കല്‍ ഹാളില്‍ മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു. മന്ത്രിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍നിന്ന് മാത്രം ഒരു കോടി എട്ടു ലക്ഷം രൂപ ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലേക്കും ഹൃദ്രോഗ വിഭാഗത്തിലേക്കുമായി ഉപകരണങ്ങള്‍ വാങ്ങി.
എക്കോ കാര്‍ഡിയോഗ്രഫി സിസ്റ്റം, പോര്‍ട്ടബിള്‍ എക്സ്റേ മെഷിന് തുടങ്ങി 15ഓളം ഉപകരണങ്ങളാണ് ഈ വിഭാഗങ്ങളിലേക്കായി ലഭിച്ചത്. മന്ത്രിമാരും എം.എല്‍.എമാരുമായ 13 ജനപ്രതിനിധികളും ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്കായി ഓരോ വെന്റിലേറ്റര്‍ വീതം നല്കി. പ്രധാന ആശുപത്രിയെ കൂടാതെ മാതൃ-ശിശു കേന്ദ്രം, സൂപ്പര്‍ സ്പെഷാലിറ്റി, ചെസ്റ്റ് ആശുപത്രി എന്നിവിടങ്ങളിലായി വെന്റിലേറ്റര്‍ ഉപയോഗിക്കും.
കേരള ബീവറേജസ് കോര്‍പറേഷന്റെ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടില്‍നിന്നു 15 ലക്ഷം രൂപ ഉപയോഗിച്ച് ഒഫ്താല്‍മോളജി യൂനിറ്റിനായി സ്വരാജ് മസ്ത വാനും മാതൃ-ശിശു വിഭാഗത്തിന് 11 ലക്ഷത്തിന്റെ ആംബുലന്‍സും നല്കി. ഇതിന്റെ താക്കോല്‍ദാനം മന്ത്രി നിര്‍വഹിച്ചു. വിവിധ മണ്ഡലങ്ങളിലുള്ള ജനപ്രതിനിധികളുടെ പ്രാദേശിക ഫണ്ട് ഒരു സ്ഥാപനത്തിന് നല്‍കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയതായി മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷം എല്ലാ എം.എല്‍.എമാരുടെയും സഹായത്തോടെ 13 വെന്റിലേറ്റര്‍ കൂടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ പി.ടി.എ റഹീം, പുരുഷന് കടലുണ്ടി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രന്, ഡോ. കെ.ജി സജിത് കുമാര്‍, ഡോ. കുര്യാക്കോസ്, ഡോ. സി. ശ്രീകുമാര്‍, ഡോ. ടി.പി രാജഗോപാല്‍, സിജി സജീവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."