സര്‍ക്കാര്‍ മിഷനുകള്‍ക്ക് കരുത്തേകി ജില്ലാ പഞ്ചായത്ത് ബജറ്റ്
തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ മിഷനുകള്‍ക്ക് കരുത്തുപകരുന്ന വികസന പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. കൃഷിക്കും സാമൂഹിക ക്ഷേമത്തിനും മുന്‍തൂക്കം നല്‍കുന്ന ബജറ്റില്‍ പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളും പദ്ധതികളുമാണു ബജറ്റ് വിഭാവനം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു.
ദുരന്തമുഖങ്ങളില്‍ അടിയന്തര സേവനം ലഭ്യമാക്കുന്നതിനായി ജില്ലയിലെ ഊര്‍ജസ്വലരായ യുവാക്കളെ ഉള്‍പ്പെടുത്തി 'മിത്രം' എന്നപേരില്‍ 200 പേരുടെ ദ്രുതകര്‍മ സേന സജ്ജമാക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ഇവര്‍ക്കു പരിശീലനം നല്‍കും. 25 ലക്ഷം രൂപ പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി മത്സ്യബന്ധന മേഖലയ്ക്കു 70 ലക്ഷം രൂപ വകയിരുത്തി. ഒ.വി.എം വള്ളങ്ങള്‍ക്കുള്ള ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സിനായി 15 ലക്ഷം രൂപയും അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികള്‍ക്കു പീലിങ് ഷെഡിനായി 15 ലക്ഷം രൂപയും വകയിരുത്തി.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പ്രകൃതിയെയും പ്രകൃതി പ്രതിഭാസങ്ങളെയും മനസിലാക്കുന്നതിനായി ജില്ലയിലെ സ്‌കൂളുകളില്‍ വര്‍ഷമാപിനി ഉള്‍പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനും പരിശീലനത്തിനുമുള്ള പദ്ധതിക്കായി 38 ലക്ഷം രൂപയും സ്‌കൂളുകളില്‍ ഹരിത ഉദ്യാനം സ്ഥാപിക്കുന്നതിനു 28 ലക്ഷം രൂപയും വകയിരുത്തി. വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്മാര്‍ട്ട് പദ്ധതിക്കായി 1.6 കോടി രൂപയും വിജയശതമാനം ഉയര്‍ത്താനുള്ള ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'വിദ്യാജ്യോതി'പദ്ധതിക്കു 25 ലക്ഷം രൂപയും സ്‌കൂളുകളില്‍ ഗേള്‍സ് അമിനിറ്റി സെന്ററുകള്‍ തുടങ്ങുന്ന 'മാനസ' പദ്ധതിക്ക് 1.5 കോടി രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ 1000 ഹെക്ടറോളം വരുന്ന പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നതിനായി ആവിഷ്‌കരിച്ച് നടപ്പാക്കിയ 'കേദാരം' പദ്ധതി, തരിശുരഹിത ജില്ല എന്ന ലക്ഷ്യപ്രാപ്തിക്കായുള്ള 'ജൈവസമൃദ്ധി' എന്നീ പദ്ധതികള്‍ക്കൊപ്പം തിരുവനന്തപുരത്തിന്റെ തനതുവിളകളുടെ സംരക്ഷണത്തിനായി 'അനന്തപ്പെരുമ' എന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ദേശീയ അടിസ്ഥാനത്തില്‍ ശ്രദ്ധനേടിയ 'പാഥേയം' പദ്ധതിക്കു 10 കോടി രൂപ വകയിരുത്തി.
ജില്ലയെ ബാലസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനായി 'സ്‌നേഹത്തുമ്പി' എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പദ്ധതിയായ 'ജലശ്രീ' സമ്പൂര്‍ണ ജലസുരക്ഷാ പദ്ധതി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് 200 കോടിയുടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനു ബജറ്റ് വിഭാവനം ചെയ്യുന്നു. ജില്ലയിലെ ലക്ഷംവീട് കോളനികളുടെ നവീകരണത്തിനായി 'ന്യൂലൈഫ്' എന്ന പദ്ധതി ആരംഭിക്കുന്നതിന് ഏഴു കോടി രൂപ നീക്കിവച്ചു. ഓരോ പഞ്ചായത്തിലും ഒരു ലക്ഷംവീട് കോളനി വീതം ഏറ്റെടുത്തു പഞ്ചായത്തിന്റെ സഹകരണത്തോടെ കോളനിയിലെ മുഴുവന്‍ വീടുകളും നവീകരിക്കുന്നതാണ് ഈ പദ്ധതി. ലൈഫ് പദ്ധതിക്കായി 11 കോടി രൂപയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കു നീക്കിവച്ചിട്ടുണ്ട്.
400 കോടി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം അടക്കം 664.3 കോടി രൂപ അടങ്കല്‍ വരവും 648.13 കോടി രൂപ അടങ്കല്‍ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."