പരാതികള്‍ക്കിട നല്‍കാതെ എല്ലാ വിഭാഗങ്ങള്‍ക്കും സഹായം എത്തിക്കാന്‍ സാധിച്ചു: എം.പി
തിരുവനന്തപുരം: പരാതികള്‍ക്കിടനല്‍കാതെ എല്ലാ വിഭാഗങ്ങള്‍ക്കും സഹായം എത്തിക്കാന്‍ സാധിച്ചതായി ഡോ. എ. സമ്പത്ത് എം.പി പറഞ്ഞു.
തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ എം.പി ലാഡ്‌സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിച്ച 25 കോടി രൂപയില്‍ 24.5 കോടിയും ചെലവഴിച്ച് ഫണ്ട് വിനിയോഗത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ ആറ്റിങ്ങല്‍ മണ്ഡലത്തിനു സാധിച്ചതായും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ ആംബുലന്‍സ് സൗകര്യമുള്ള രാജ്യത്തെ ഏക ലോക്‌സഭാ മണ്ഡലമാക്കി ആറ്റിങ്ങലിനെ മാറ്റി. പഠനം വിനോദമാക്കുന്നതിനൊപ്പം കുട്ടികള്‍ കളിച്ചുവളരണം എന്ന ആശയം മുന്‍നിര്‍ത്തി വിവിധ വിദ്യാലയങ്ങളില്‍ പാര്‍ക്ക് നിര്‍മിച്ചുനല്‍കി. മണ്ഡലത്തിലെ വിദ്യാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സ്‌കൂള്‍ ബസുകളും കംപ്യൂട്ടറുകളും അനുവദിച്ചു.
പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതിനൊപ്പം സാംസ്‌കാരിക നിലയങ്ങള്‍, ഗ്രന്ഥശാലകള്‍, വായനശാലകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഫണ്ട് വിനിയോഗിച്ചു.
റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. ഷാജി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."