പുതുപ്പരിയാരത്തെ നിര്‍മാണം നിയമവിരുദ്ധമെന്ന് ഹൈക്കോടതി കണ്ടെത്തി
തൊടുപുഴ: പുതുപ്പരിയാരത്തെ ടാര്‍ മിക്‌സിങ് പ്ലാന്റിന്റെ നിര്‍മാണം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ പ്ലാന്റ് പൊളിച്ചു നീക്കണമെന്ന് സമരസമിതി. ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരേ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയതായി സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മണക്കാട് മഠത്തില്‍ വീട്ടില്‍ ജില്‍മോന്‍ ജോണ്‍, ജിനോ ജോണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനഃധികൃതമായി നിര്‍മാണം നടത്തിയ ടാര്‍പ്ലാന്റ് കേരള കെട്ടിടനിര്‍മാണ ചട്ടങ്ങളുടെയും വ്യവസ്ഥകളുടെയും നഗ്ന ലംഘനമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
മണക്കാട് ഗ്രാമപഞ്ചായത്തിന്റെ വാദമുഖങ്ങള്‍ ശരിവച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍, ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധിച്ചത്. അനധികൃത നിര്‍മാണത്തിനെതിരേ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരേ പ്ലാന്റുടമ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതാണ് വിശദമായ വാദങ്ങള്‍ക്ക് ശേഷം കോടതി തള്ളിയത്.
ജനങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്ത് സമരസമിതി പ്രക്ഷോഭത്തിലായിരുന്നു. പ്ലാന്റിന് ആദ്യം അനുവാദം നേടിയ ഉടമ ഈ യൂനിറ്റിനു വേണ്ടി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടോ അനുബന്ധ രേഖകളോ സമര്‍പ്പിച്ചിരുന്നില്ല. അനധികൃത നിര്‍മാണം നടത്തിയെന്ന് കണ്ടെത്തി പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.
പ്ലാന്റ് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഇടുക്കി ജില്ല മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടും പുറത്തു വന്നു. ഇതോടെ പ്രക്ഷോഭം ശക്തമായി. പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോക്കെതിരെ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി പ്ലാന്റുടമ നിര്‍മാണവും തുടര്‍ന്നു.
പഞ്ചായത്ത് അധികാരികള്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിച്ച് പ്ലാന്റിന്റെ ചട്ടലംഘനങ്ങള്‍ കോടതിയില്‍ സമര്‍ഥിച്ചതോടെയാണ് പ്ലാന്റുടമയുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
പ്ലാന്റിന്റെ തരം ഏതെന്ന് ബോദ്ധ്യപ്പെടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവിഷന്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്ലാന്റുടമയ്ക്ക് സഹായകരമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതി ഇത് മുഖവിലയ്‌ക്കെടുക്കാതെ പോകുകയാണുണ്ടണ്ടായത്. ടാര്‍മിക്‌സ് പ്ലാന്റ് അടിയന്തിരമായി പൊളിച്ച് നീക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
പ്ലാന്റ് തുടര്‍ന്നും പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായാല്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും സമിതി നേതാക്കളായ ബിജു കൃഷ്ണന്‍, എം കെ ജോണ്‍സണ്‍, സിബി മാത്യൂസ്, കെ ജയരാമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."