പ്രവാസികളുടെ മടക്ക യാത്രയുടെ ആദ്യ ചിത്രം ഇങ്ങനെ
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്ന ആദ്യ വിമാനങ്ങള്‍ പറക്കുക കേരളത്തിലേക്ക്. രണ്ടു ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആദ്യ ദിനം കേരളത്തിലേക്ക് പ്രവാസികളെയെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ഗള്‍ഫില്‍ നിന്നുള്ള ആദ്യ വിമാനം പറന്നിറങ്ങുക. വ്യാഴാഴ്ച തന്നെ രണ്ടാമത്തെ വിമാനം ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് എത്തും. അന്നു തന്നെ സഊദിയിലെ റിയാദില്‍നിന്ന് കോഴിക്കോട്ടോക്കും ഖത്തറില്‍നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ട്.
നിലവില്‍ ഒരാഴ്ച്ചത്തേക്കുള്ള ആദ്യ ഘട്ട സര്‍വീസിനുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എഴാം തിയതി മുതല്‍ ഒരാഴ്ചക്കുള്ളില്‍ യു.എ.ഇയില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമ്പത് സര്‍വീസുകളാണ് വിമാനങ്ങള്‍ നടത്തുക.
സഊദിയില്‍ നിന്നു നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസാണുള്ളത്. രണ്ടാം ദിവസത്തില്‍ മനാമ കൊച്ചി, ദുബൈ ചെന്നൈ എന്നീ സെക്ടറുകളിലും വിമാന സര്‍വീസുണ്ട്. ഒമാനില്‍ നിന്നും രണ്ടും ഖത്തറില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ ഒരു വിമാനമാണുള്ളത്. മൂന്നാം ദിനത്തില്‍ കുവൈത്ത്-കൊച്ചി, മസ്‌കത്ത്-കൊച്ചി, റിയാദ്-ഡല്‍ഹി എന്നീ സെക്ടറുകളിലും വിമാനങ്ങളുണ്ട്.
അതേ സമയം സഊദിയില്‍ നിന്നു എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 2500 പേര്‍ക്ക് മാത്രമേ ആദ്യഘട്ടത്തില്‍ യാത്ര ചെയ്യാനാവുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന സൂചന. എംബസി ഹെല്‍പ് ലൈനിലും ഓണ്‍ലൈനിലും രജിസ്റ്റര്‍ ചെയ്തവരില്‍ ഉംറ വിസയിലുള്ളവര്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍, സന്ദര്‍ശക വിസയിലുള്ളവര്‍, രോഗികള്‍, മരിച്ചവരുടെ ബന്ധുക്കള്‍ എന്നിങ്ങനെയാണ് മുന്‍ഗണനാക്രമം തയ്യാറാക്കിയിട്ടുള്ളത്.
അതിനിടെ ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തില്‍ ഇരുന്നൂറ് പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. രണ്ടാമത്തെ വിമാനം നാലാം ദിനത്തില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക്. ഇതിലും 200 പേര്‍ക്ക് യാത്ര ചെയ്യാം. ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ നിന്നും മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്രക്കാരെ നിശ്ചയിക്കുക. രജിസ്റ്റര്‍ ചെയ്തവരെ ഫോണ്‍, ഇ മെയില്‍ വഴി വിവരമറിയിക്കും.
അതേ സമയം 1,92,500 പേരുടെ പട്ടികയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. 13,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുകയെന്ന സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള തിരികെ എത്തിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും മടക്കിക്കൊണ്ടു വരുന്നുണ്ട്.
അതിനിടെ വിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാവരെയും മെഡിക്കല്‍ സ്‌ക്രീനിങിന് വിധേയമാക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി. യാത്രയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. ഇന്ത്യയിലെത്തിയ ഉടന്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തിരിച്ചെത്തിയ ശേഷവും പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചെത്തുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവില്‍ പറയുന്നുണ്ട്.
അതേ സമയം പ്രവാസികളുടെ മടക്കയാത്ര ആരംഭിക്കാന്‍ നടപടി സ്വീകരിച്ച കേന്ദ്ര പ്രഖ്യാപനത്തില്‍ പ്രവാസലോകത്ത് ഏറെ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മടക്കയാത്രാ നിരക്ക് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന നിലപാട് തിരുത്തണമെന്ന ആവശ്യമാണ് പ്രവാസികള്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."