12 വര്‍ഷത്തിനിടെ കടലെടുത്തത് 1800 ഏക്കര്‍ ഭൂമി
പൊന്നാനി: കഴിഞ്ഞ 12 വര്‍ഷത്തിനിടെ പൊന്നാനി തീരത്ത് നിന്ന് കടലെടുത്തത് 1800 ഏക്കര്‍ ഭൂമി. റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള 12 കിലോമീറ്റര്‍ ഭാഗത്ത് തീരദേശവാസികള്‍ക്ക് പതിച്ചുനല്‍കിയ 700 മീറ്റര്‍ ഭൂമി കടലെടുത്തതായാണ് കണക്കാക്കപ്പെടുന്നത്. തീരദേശ പരിപാലന നിയമപ്രകാരം നിശ്ചയിച്ച ഭാഗത്ത് നിന്ന് 700 മീറ്റര്‍ പരിധിയിലുള്ള ഭൂമിയാണ് കടലെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെയാണ് തീരത്തേക്കുള്ള കടല്‍ വേലിയേറ്റം രൂക്ഷമായത്. ഓരോ വര്‍ഷവും ഈ മേഖലയില്‍ 20 മുതല്‍ 40 മീറ്റര്‍ വരെ കടലെടുത്തതായാണ് റവന്യൂ കണക്കുകള്‍ പറയുന്നത്. 12 കിലോമീറ്റര്‍ പരിധിയിലാകുമ്പോള്‍ കടലെടുത്തുന്ന മൊത്തം ഭൂമിയുടെ വിസ്തീര്‍ണ്ണം 48 കിലോമീറ്ററാണ്. ഇത് ഏതാണ്ട് 150 ഏക്കറില്‍ വരും. കഴിഞ്ഞ മൂന്ന് വര്‍ഷമാണ് പൊന്നാനി തീരത്ത് കടല്‍കയറ്റം രൂക്ഷമായത്. ഈ വര്‍ഷം പാലപ്പെട്ടിയിലും അജ്മീര്‍ നഗറിലുമാണ് കടല്‍കയറ്റം രൂക്ഷമായത്. 200 മീറ്റര്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനാസ്ഥ കാണിച്ചതിനാല്‍ പെരുമ്പടപ്പ് വില്ലേജിലെ അജ്മീര്‍ നഗറിലാണ് കടലേറ്റം രൂക്ഷമായത്. പാലപ്പെട്ടി, പുതിയിരുത്തി എന്നിവിടങ്ങളില്‍ നിന്ന് അജ്മീര്‍ നഗറിലേക്കുള്ള റോഡ് ഇല്ലാതായി. ശുദ്ധജല പൈപ്പ് പൊട്ടിയതിനാല്‍ വെള്ളവും കിട്ടാനില്ലാത്ത അവസ്ഥ.
കര വീണ്ടും കടലെടുത്താല്‍ വൈദ്യുതി ലൈനുകളും തകരാറിലാവും.
കാപ്പിരിക്കാടും കരയിടിയില്‍ വ്യാപകമാണ്. ഏഴു വീടുകള്‍ എത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണുള്ളത്. പുതുപൊന്നാനിയില്‍ ഇപ്പോള്‍ കടല്‍ എത്തിനില്‍ക്കുന്ന ഭാഗത്തുനിന്ന് ഒരു കിലോമീറ്റര്‍ വരെ അപ്പുറത്തായിരുന്നു പത്തുവര്‍ഷം മുമ്പ് കടലിന്റെ സ്ഥാനമെന്ന് പഴമക്കാര്‍ പറയുന്നു . യഥാസമയം ഭിത്തി കെട്ടാതിരുന്നതാണ് വ്യാപകമായി ഭൂമി കടലെടുക്കാന്‍ കാരണം. പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി വരെയുള്ള തീരദേശത്ത് ഇനിയും ഏറെ ഭാഗങ്ങള്‍ ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുണ്ട്.
പൊന്നാനി തീരദേശമേഖലയില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ കടലെടുത്ത വീടുകളുടെ എണ്ണം 250ല്‍ ഏറെയാണ് . അഞ്ഞൂറില്‍ പരം തെങ്ങുകള്‍ കടപുഴകി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പുതുപൊന്നാനി തീരത്ത് അന്‍പതോളം വീടുകളാണ് നിലം പൊത്തിയത്. ഓരോ വര്‍ഷവും കടലാക്രമണമുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വീഴ്ച്ചയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തീരത്ത് കൂടുതല്‍ ദുരിതം വിതക്കുന്നത്. കടല്‍ഭിത്തി നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും കടലാക്രമണത്തിന്റെ ആക്കം കൂട്ടാന്‍ കാരണമാകുന്നു .
പൊന്നാനി, വെളിയംകോട് തീരത്തെ കടല്‍ഭിത്തിയില്‍ ഭൂരിഭാഗവും മണ്ണിനടിയിലേക്ക് താഴ്ന്ന് ഇല്ലാതായവയാണ്. ഭിത്തി തകര്‍ച്ച നേരിടുമ്പോള്‍ അതാതു സമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താതെ പൂര്‍ണ തകര്‍ച്ചക്ക് വഴിവെക്കുന്നത് തീരത്തേക്ക് കടല്‍കയറുന്നതിന് ഇടവരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."