ജില്ലയില്‍ കാലാവസ്ഥാ വ്യതിയാനം: രോഗങ്ങള്‍ പെരുകുന്നു
കാസര്‍കോട്: ജില്ലയില്‍ കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന വ്യതിയാനം കാരണം പനി രോഗങ്ങള്‍ ഉള്‍പ്പെടെ പെരുകുന്നു. ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ ചൂട് വര്‍ധിച്ചിരുന്നു. അതിനിടയില്‍ ഇടയ്ക്കിടെ രാത്രി സമയങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടായതോടെ പനി, തലവേദന, നടുവേദന ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുകയും ചെയ്തു. പിന്നീട് മഞ്ഞുവീഴ്ച അല്പം കുറയുകയും ചൂട് കനക്കുകയും ചെയ്തു. കാലാവസ്ഥയില്‍ നാലുദിവസമായി പൊടുന്നനെ മാറ്റം വരുകയായിരുന്നു. രണ്ടു ദിവസമായി ജില്ലയുടെ പല ഭാഗങ്ങളിലും രാത്രി സമയങ്ങളില്‍ കനത്ത മഞ്ഞ് അനുഭവപ്പെട്ടു വരുകയാണ്. പനിയും മറ്റുരോഗങ്ങളുമായി ഒട്ടനവധി ആളുകള്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. നാലുദിവസമായി ആശുപത്രികളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
അതേ സമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുകാരണം രോഗികള്‍ക്ക് ഏറെ നേരം കാത്തു നില്‍ക്കേണ്ട അവസ്ഥയുമുണ്ട്. അഞ്ചു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് മൂന്നുപേരും നാലുപേര്‍ വേണ്ടിടത്ത് രണ്ടു പേരുമാണുള്ളത്.
നാലുപേര്‍ ഉള്ള ആശുപത്രികളില്‍നിന്ന് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാംപുകള്‍ക്കും മറ്റും പുറത്തേക്കു പോകുന്നതോടെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ കാത്തിരിപ്പ് നീളുകയാണ്. ഡോക്ടര്‍മാരുടെ കൂടെ ആശുപത്രികളിലെ നഴ്സുമാരും അനുബന്ധ ജീവനക്കാരും പുറത്തേക്കു പോകുന്നതോടെ രോഗികളുടെ ദുരിതവും കൂടുന്നു. അതേ സമയം, കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റത്തെ തുടര്‍ന്ന് പൊടുന്നനെ രോഗം ബാധിക്കുന്നവര്‍ ഡോക്ടര്‍മാരെ വളരെ നേരം കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് രോഗികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."