ബി.എം.എസ് പ്രവര്‍ത്തകന്റെ കസ്റ്റഡി മരണം കാസര്‍കോട് ഹര്‍ത്താല്‍ ഭാഗികം
കാസര്‍കോട്: ബി.എം.എസ് പ്രവര്‍ത്തകനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്‌സിലെ സന്ദീപ് പൊലിസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയായായിരുന്നു ഹര്‍ത്താല്‍. കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏതാനും കടകളും മറ്റും തുറന്നു പ്രവര്‍ത്തിച്ചു. തളങ്കര, നായന്‍മാര്‍മൂല, അണങ്കൂര്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ ഏശിയില്ല. ഏതാനും ഇരുചക്രവാഹനങ്ങളടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ ഓടിയെങ്കിലും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയില്ല. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ ഷെഡ്യൂളുകളും റദ്ദ് ചെയ്തു. കാഞ്ഞങ്ങാട് നിന്നു പുറപ്പെട്ട ബസുകള്‍ പാലക്കുന്ന് വരെയും മംഗളുരുവില്‍ നിന്നു കുമ്പള വരെയും സര്‍വിസ് നടത്തിയെന്നു കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ അറിയിച്ചു.
ഹര്‍ത്താല്‍ വിവരമറിയാതെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയവര്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. ഉച്ചയോടെ ഏതാനും ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് നഗരത്തിലും പരിസരത്തും കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനമൊരുക്കിയിരുന്നത്. കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് കാസര്‍കോടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. രാവിലെ 10 മണിയോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപാ(27)ണ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചത്. ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിനു സമീപം ചിലര്‍ മദ്യപിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഭവസ്ഥലത്തെത്തിയത്. പൊലിസിനെ കണ്ട് അവിടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലിസ് പിന്തുടര്‍ന്ന് സന്ദീപ് ഉള്‍പ്പടെ നാലുപേരെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോവുകയുമായിരുന്നു. ഇതിനിടയിലാണ് സന്ദീപ് വാഹനത്തില്‍ കുഴഞ്ഞ് വീണു മരിച്ചത്.
കുമ്പള: ഹര്‍ത്താല്‍ പരിധിക്കു പുറത്തുള്ള കുമ്പളയിലും ആരിക്കാടിയിലും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞത്. കുമ്പളയിലും ആരിക്കാടിയിലും നിര്‍ത്തിയിട്ട ബസുകള്‍ക്കു നേരെയായിരുന്നു കല്ലേറ്.
കുമ്പള പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."