എം പാനല്‍ കണ്ടക്ടര്‍മാര്‍ അനിശ്ചിതകാല നിരാഹാരത്തിന്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചു. തൊഴില്‍ തിരിച്ചുകിട്ടുന്നതിനുള്ള ഉചിതമായ തീരുമാനം സര്‍ക്കാരില്‍നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ സമരസമിതി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നാളെ മുതല്‍ കണ്ടക്ടര്‍മാരുടെ പ്രതിനിധിയായി പെരുമ്പാവൂര്‍ ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ ഗീത നിരാഹാര സമരം ആരംഭിക്കും.
സമരത്തിന് പിന്തുണയറിയിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനുമായി പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ നേതാക്കള്‍ എ.കെ.ജി സെന്ററില്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്നും കണ്ടക്ടര്‍മാരെ തിരിച്ചെടുക്കാനുള്ള നടപടി നിയമാനുസൃതമായി ചെയ്യാമെന്നും പറഞ്ഞിരുന്നു.
എന്നാല്‍, മന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയപ്പോഴും സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതിനുശേഷം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സമരക്കാര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് സമരസമിതി എത്തിച്ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."