ആടിയുലയുമോ യു.ഡി.എഫിന്റെ പൊന്നാപുരം കോട്ട
#നിസാം കെ. അബ്ദുല്ല
2009ല്‍ രൂപീകരിച്ച വയനാട് ലോക്‌സഭാ മണ്ഡലം അറിയപ്പെടുന്നത് യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇക്കാര്യം അച്ചട്ടാകുകയും ചെയ്തു. 2009ല്‍ യു.ഡി.എഫിന്റേത് റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയുള്ള വിജയമായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1.3 ലക്ഷം വോട്ടുകളുടെ കുറവാണ് മണ്ഡലത്തില്‍ യു.ഡി.എഫിനു സംഭവിച്ചത്. മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ എണ്ണുന്നത് വരെ യു.ഡി.എഫ് പിന്നിലായിപ്പോയതും ആ തെരഞ്ഞെടുപ്പില്‍ കണ്ടു.
2009ലെ തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തിലെ മിക്ക നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിന്റെ കൈയിലിരിക്കുമ്പോഴായിരുന്നു കെ. മുരളീധരന്‍ സ്വതന്ത്രനായി മത്സരിച്ചിട്ടും യു.ഡി.എഫിന് വന്‍ വിജയമുണ്ടായത്. എന്നാല്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ചത് യു.ഡി.എഫായിരുന്നു. എന്നിട്ടും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അപ്രതീക്ഷിത അടിയേറ്റു. മണ്ഡലത്തിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം നേടിയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പടയോട്ടം. ആ ഭൂരിപക്ഷത്തിലേക്കെത്താന്‍ എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു സാധിച്ചില്ല.
മികച്ച പ്രകടനം കാഴ്ചവച്ച് എല്‍.ഡി.എഫ് മത്സരം കടുപ്പിച്ചിരുന്നു അന്ന്. 2014ല്‍ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 17,649 വോട്ടിന്റെ ലീഡ് നേടി. ഏതാണ്ട് വിജയത്തിലേക്ക് അടുത്തെന്ന് തോന്നിപ്പിച്ച മുന്നേറ്റമായിരുന്നു അന്ന് എല്‍.ഡി.എഫ് നടത്തിയത്. എന്നാല്‍ മലപ്പുറം ജില്ലയുടെ ഭാഗമായ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴേക്ക് യു.ഡി.എഫ് തിരിച്ചുവന്നു. 20,987 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇതോടെ രണ്ടാംതവണയും ഷാനവാസ് ജയിച്ചുകയറിയത്്.
കല്‍പ്പറ്റയിലും തിരുവമ്പാടിയിലും ശക്തമായ മത്സരമാണ് നടന്നത്. കല്‍പ്പറ്റയില്‍ 1,880, തിരുവമ്പാടിയില്‍ 2,365 എന്നിങ്ങനെയായിരുന്നു ഷാനവാസിന്റെ ഭൂരിപക്ഷം. എന്നാല്‍ ഏറനാട് 18,838, വണ്ടൂര്‍ 12,267, നിലമ്പൂര്‍ 3,266 എന്നിങ്ങനെ ഭൂരിപക്ഷം നല്‍കി ഷാനവാസിനൊപ്പം നിന്നു. പി.വി അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചില്ലായിരുന്നെങ്കില്‍ നിലമ്പൂരിലും ഭൂരിപക്ഷം 15,000 കടക്കുമായിരുന്നു.
ഇപ്പോള്‍ മണ്ഡലത്തിലെ നാലു നിയമസഭാ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്. കല്‍പ്പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവ. സുല്‍ത്താന്‍ ബത്തേരി, വണ്ടൂര്‍, ഏറനാട് എന്നീ മണ്ഡലങ്ങളാണ് യു.ഡി.എഫിനു നിലനിര്‍ത്താന്‍ സാധിച്ചത്. കല്‍പ്പറ്റയില്‍ 13,083 വോട്ടിന്റെ ഭൂരിപക്ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുള്ളത്. നിലമ്പൂരില്‍ 11,504 ആണ് ഭൂരിപക്ഷം. മാനന്തവാടിയില്‍ 1,307, തിരുവമ്പാടി 3,188 എന്നിങ്ങനെയാണ് എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം. സുല്‍ത്താന്‍ ബത്തേരിയില്‍ 11,198, ഏറനാട് 12,983, വണ്ടൂര്‍ 23,864 എന്നിങ്ങനെയാണ് യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം. ഈ കണക്കില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നിലവില്‍ ഇരുമുന്നണികളും വയനാട് മണ്ഡലത്തെ നോക്കിക്കാണുന്നത്. ആടിയുലയുമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫും ഉരുക്കുകോട്ട കൂടുതല്‍ ഭദ്രമാക്കാനാവുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കാതോര്‍ത്തിരിക്കുകയാണ് വയനാട്ടില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."