കണ്ണു തുറന്നു കാണൂ, ഈ പാകിസ്താനിയെ
സഊദി അറേബ്യയില്‍നിന്നു മാസങ്ങള്‍ക്കു മുമ്പൊരു വാര്‍ത്തയുണ്ടായിരുന്നു. കൊലപാതകക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സഊദിരാജകുമാരന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീറിനെ വധശിക്ഷയ്ക്കു വിധേയനാക്കിയെന്നായിരുന്നു വാര്‍ത്ത.
രണ്ടര്‍ത്ഥത്തില്‍ ആ വാര്‍ത്ത ശ്രദ്ധേയമായിരുന്നു.
ഒന്ന്, നിയമത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാണെന്നതു കടുകിട തെറ്റിക്കാതെ പാലിക്കുന്ന രാജ്യങ്ങള്‍ ഈ നാട്ടിലുണ്ടെന്ന അര്‍ത്ഥത്തില്‍.
രണ്ടാമത്തേത്, കണ്ണഞ്ചിപ്പിക്കുന്ന ദയാധനത്തിന് (ബ്ലഡ് മണി) മുന്‍പിലും കൊല്ലപ്പെട്ട യുവാവിന്റെ ദരിദ്രനായ പിതാവിന്റെ മനസ്സ് ഇളകിയില്ലെന്ന കാരണത്താലും.
രാജകുമാരന്‍ പകതീര്‍ക്കുകയായിരുന്നില്ല. എന്തോ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയിലാണ് തദ്ദേശവാസിയായ ആ യുവാവു വെടിയേറ്റു കൊല്ലപ്പെട്ടത്. പ്രതി രാജകുടുംബാംഗമാണ്. ഭാവിയില്‍ ഒരുപക്ഷേ രാജാവായോ സുപ്രധാനമായ ഭരണസ്ഥാനം വഹിക്കുന്നയാളായോ വരാവുന്നയാള്‍. രാജകുമാരന്‍ വധശിക്ഷയ്ക്കു വിധേയനാകാതിരിക്കാന്‍ ചോദിക്കുന്നത്ര നഷ്ടപരിഹാരത്തുക നല്‍കാന്‍ കുടുംബാംഗങ്ങള്‍ തയാറായിരുന്നു.
അറേബ്യന്‍ നാടുകളില്‍ വധശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ അങ്ങനെയൊരു വകുപ്പുണ്ട്. കുറ്റക്കാരനെന്നു കണ്ടെത്തി കോടതി വധശിക്ഷയ്ക്കു വിധിച്ചുകഴിഞ്ഞാല്‍ അതില്‍നിന്നു മോചനം കിട്ടാന്‍ പിന്നീട് ഒരു പോംവഴിയേയുള്ളു. കൊല്ലപ്പെട്ടയാളുടെ ഉറ്റബന്ധുക്കള്‍ കൊലയാളിയോടു പൊറുത്തുകൊടുക്കാന്‍ തയാറാകണം. ദയാധനം വാങ്ങിയോ അല്ലാതെയോ കുറ്റവാളിക്കു മാപ്പുനല്‍കാം.
എന്നിട്ടും, രാജകുമാരന്റെ തെറ്റിനു മാപ്പുനല്‍കാന്‍ ആ പിതാവു തയാറായില്ല. 'എന്റെ മകനെ കൊലപ്പെടുത്തിയതിന് അല്ലാഹു നല്‍കിയ ശിക്ഷയാണത്. അതു മാറ്റാന്‍ എനിക്കാവില്ല. രാജകുമാരനായാലും തെറ്റിനു ശിക്ഷ അനുഭവിച്ചേ മതിയാകൂ' എന്നായിരുന്നു ആ പിതാവിന്റെ ഉറച്ച നിലപാട്.
ഇനി കഴിഞ്ഞയാഴ്ച നടന്ന മറ്റൊരു സംഭവം വിവരിക്കാം. ഇതും ഏതാണ്ടു സമാനമായ ഒരു കൊലക്കേസു തന്നെ. ഇവിടെ കൊന്നതും കൊലപ്പെടുത്തപ്പെട്ടതും ഭരണാധികാരിയുടെ മക്കളോ ബന്ധുക്കളോ അല്ല. എങ്കിലും, അതേ നിയമം ബാധകമായ ഗള്‍ഫ് നാടായ ദുബൈയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ഈ മാപ്പാക്കല്‍ വിഷയവും.
2016 ഡിസംബര്‍ എട്ടിനാണു സംഭവം. മദ്യക്കടത്തുമായി ബന്ധപ്പെട്ടു ചെറുപ്പക്കാര്‍ തമ്മിലുണ്ടായ കൈയാങ്കളിയില്‍ ഒരു യുവാവു മരിക്കുന്നു. കൊല്ലപ്പെട്ടതു മുഹമ്മദ് ഫര്‍ഹാന്‍ എന്ന പാകിസ്താന്‍കാരന്‍. കൊലക്കേസിലെ പ്രതികള്‍ പത്തുപേര്‍. പത്തും ഇന്ത്യക്കാര്‍. അമുസ്‌ലിംകള്‍. കേസ് വിചാരണ നടത്തിയ അല്‍ ഐന്‍ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കെല്ലാം വധശിക്ഷ വിധിച്ചു.
സ്വാഭാവികമായും ഇത്തരം കേസുകളില്‍ കൊല്ലപ്പെട്ടയാളുടെ ഉറ്റബന്ധുക്കള്‍ക്കു ദയാധനം (ബ്ലഡ് മണി)നല്‍കി വധശിക്ഷയില്‍നിന്നു പ്രതികളെ മോചിതരാക്കാന്‍ ബന്ധുക്കള്‍ പരക്കംപായും. ഇവിടെ പക്ഷേ, അത്തരമൊരു പൊറുത്തുനല്‍കലിനുള്ള നേരിയ സാധ്യതപോലുമില്ലായിരുന്നു.
ഇന്ത്യയും പാകിസ്താനും ഏറെ വര്‍ഷങ്ങളായി പരമശത്രുതയിലാണ്. ആ ശത്രുത അടുത്തകാലത്തായി ശതഗുണീഭവിച്ചിട്ടുമുണ്ട്. തങ്ങള്‍ക്ക് അനിഷ്ടകരമായ എന്തെങ്കിലും സംസാരിക്കുന്നവരോടെല്ലാം പാകിസ്താനിലേയ്ക്കു പോകാനാണല്ലോ ഇന്ത്യയില്‍ അധികാരസ്ഥാനത്തുള്ളവര്‍ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ പറയുന്ന നാടിനോട് ഏതെങ്കിലും പാകിസ്താനിക്കു താല്‍പര്യമുണ്ടാകുമോ.
രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത സ്വാഭാവികമായും അതതു നാട്ടുകാരുടെ മനസ്സിലും നീറിപ്പിടിക്കും. അതിനാല്‍ ഇന്ത്യക്കാരായ പ്രതികള്‍ക്കു കൊല്ലപ്പെട്ട മുഹമ്മദ് ഫര്‍ഹാന്റെ ബന്ധുക്കള്‍ മാപ്പുകൊടുക്കാനുള്ള സാധ്യത തീര്‍ത്തും വിരളമായിരുന്നു.
രണ്ടാമത്തെ കാര്യം രണ്ടു ലക്ഷം ദിര്‍ഹം (35.38 ലക്ഷം രൂപ) എന്ന ഭാരിച്ച ദയാധനം നല്‍കാനുളള ത്രാണി ആ പ്രതികളുടെ കുടുംബക്കാര്‍ക്ക് ഇല്ല എന്നതു തന്നെ. അവര്‍ തീര്‍ത്തും ദരിദ്രരാണ്. ശിക്ഷാ വിധി പ്രഖ്യാപിക്കപ്പെട്ട പത്തു പ്രതികളുടെയും തലവെട്ടുമെന്ന് ഉറപ്പായിരുന്നു.
ഇതിനിടയിലാണ് ഇന്ത്യയിലെ ജീവകാരുണ്യപ്രസ്ഥാനമായ സര്‍ബാദ് രംഗത്തെത്തിയത്. ആ സംഘടനയുടെ പ്രതിനിധികള്‍ പാകിസ്താനിലെത്തി കൊല്ലപ്പെട്ട മുഹമ്മദ് ഫര്‍ഹാന്റെ പിതാവ് മുഹമ്മദ് റിയാസുമായി സംസാരിച്ചു. മകന്‍ മരിച്ച വേദനയില്‍ നീറിനീറി കഴിയുകയാണെങ്കിലും ആ പിതാവിന്റെ മനസ്സലിഞ്ഞു. തന്റെ മകന്റെ കൊലയാളികളായ പത്ത് ഇന്ത്യക്കാരോടും പൊറുക്കാന്‍ ആ പിതാവു തയാറായി.
എന്തുകൊണ്ടു പൊറുക്കുന്നു.
അതിര്‍ത്തിക്കപ്പുറത്തുള്ളവരെല്ലാം ശത്രുക്കളാണെന്ന വിശ്വാസത്തില്‍ അവരെ ശപിക്കുകമാത്രം ചെയ്യുന്ന നമ്മുടെയെല്ലാം കണ്ണു തള്ളിക്കുന്ന പ്രതികരണമാണ് അദ്ദേഹത്തില്‍നിന്നുണ്ടായത്: 'അവരെ ശിക്ഷിക്കണമെന്നു വാശിപിടിക്കാന്‍ ഞാനാരാണ്. ശിക്ഷയും രക്ഷയുമെല്ലാം നാഥന്റെ കൈകളിലല്ലേ.'
ഓര്‍ക്കുക, ഈ വാക്കുകള്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ളതാണ്.
അതു കേട്ട് എന്റെയും നിങ്ങളുടെയും കണ്ണുകള്‍ ഈറനണിയുന്നില്ലെങ്കില്‍ നമ്മളാരും മനുഷ്യരെന്ന വിശേഷണത്തിന് അര്‍ഹരല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."