ആരോഗ്യസേതു ആപ് സുരക്ഷിതമല്ല, പ്രധാനമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് രോഗമെന്ന് ഹാക്കര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് ബാധിച്ചവരുമായി ഇടപഴകുന്നുണ്ടോ എന്ന് പിന്തുടര്‍ന്ന് മനസിലാക്കാന്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് തെളിയിച്ച് ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനും ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍. ആപ്പിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് തെളിയിക്കാമെന്ന് സര്‍ക്കാരിനെ വെല്ലുവിളിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചൊവ്വാഴ്ച ഉണ്ടായിരുന്ന അഞ്ചുപേര്‍ക്ക് കൊവിഡ് ഉണ്ടായിരുന്നെന്ന സൂചന നല്‍കി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
സൈനിക ആസ്ഥാനത്തെ രണ്ടുപേര്‍ക്കും പാര്‍ലമെന്റില്‍ ഒരാള്‍ക്കും ആഭ്യന്തരമന്ത്രാലയം ഓഫിസിലെ മൂന്നുപേര്‍ക്കും കൊവിഡ് ബാധിച്ചതായി കൊവിഡ് ട്രാക്ക് ചെയ്യുന്ന ആരോഗ്യസേതു ആപ്പ് പറയുന്നുവെന്ന് ഹാക്കര്‍ വെളിപ്പെടുത്തി. കൂടുതല്‍ പറയണോ എന്നു ചോദിച്ചാണ് ട്വീറ്റ് അവസാനിക്കുന്നത്.
ആരോഗ്യസേതു ആപ്പ് ഉപയോഗിച്ച് ആര്‍ക്കെല്ലാം കൊവിഡ് ബാധിച്ചു, എത്ര പേര്‍ക്ക് സുഖമില്ല എന്നെല്ലാം പുറത്തുനിന്നുള്ള ഒരാള്‍ക്ക് മനസിലാക്കാനാവുമെന്നും ഇന്ത്യന്‍ പാര്‍ലമെന്റിലോ മറ്റേതെങ്കിലും ഉന്നത മന്ത്രാലയത്തിലോ ഉള്ള ആര്‍ക്കെങ്കിലും രോഗമുണ്ടോ എന്ന് തനിക്ക് വേണമെങ്കില്‍ മനസിലാവുമെന്നും ഹാക്കര്‍ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദും ആരോഗ്യസേതു ടീമും ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി. ഇതിന് മറുപടിയുമായി വീണ്ടും രംഗത്തെത്തിയ ഹാക്കര്‍ ഇല്ലിയട്ട് 'ഇതിന് പ്രശ്‌നമൊന്നുമില്ലെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നമുക്ക് കാണാം. ഞാന്‍ നാളെ ഇതിലേക്ക് തിരിച്ചു വരാം' എന്ന് ട്വീറ്റി. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിലുള്ളവരുടെയും സൈനിക ആസ്ഥാനത്തും പാര്‍ലമെന്റിലും ഉള്ളവരുടെയും വൈറസ് ബാധ സംബന്ധിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യയിലെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമായും നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായും ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ പരസ്യമായി വെളിപ്പെടുത്തുമെന്ന് ഹാക്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ആപ്പ് ഉപയോഗിക്കുന്ന 90 ദശലക്ഷം വരുന്ന ജനവിഭാഗത്തിന്റെ വിവരങ്ങള്‍ അപകടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സംബന്ധിച്ചു സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പുറത്തുവിട്ടതും ഇല്ലിയട്ട് ആല്‍ഡേഴ്‌സനാണ്. ട്വിറ്ററില്‍ ആരോഗ്യ സേതു ആപ്പിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇല്ലിയട്ട് ഇക്കാര്യം വ്യക്തമാക്കിയത്. 'നിങ്ങളുടെ ആപ്പില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. 90 മില്യണ്‍ ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണ്. നിങ്ങള്‍ക്കെന്നെ സ്വകാര്യമായി സമീപിക്കാന്‍ സാധിക്കുമോ?- ഇല്ലിയട്ട് ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയായിരുന്നെന്നും അദ്ദേഹത്തെ ടാഗ് ചെയ്തുകൊണ്ട് ഇല്ലിയട്ട് ട്വീറ്റ് ചെയ്തു. ഒരു സ്വകാര്യ ഓപ്പറേറ്റര്‍ക്ക് വളരെ എളുപ്പത്തില്‍ നമ്മെ നിരീക്ഷിക്കാന്‍ ആരോഗ്യ സേതു ആപ്പ് വഴി സാധിക്കുമെന്ന് മെയ് രണ്ടിന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ തുടര്‍ന്ന് ഇല്ലിയട്ട് ആദ്യം ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് ഒരു അവസാനവട്ട പരിശോധനകൂടി നടത്തണമെന്നും അതിനായി ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു ഇന്ത്യന്‍ ഫോണ്‍ നമ്പര്‍ അയച്ചുതരുമോ എന്നുമായിരുന്നു ട്വീറ്റ്.
തുടക്കം മുതലേ ആരോഗ്യ സേതു ആപ്പിനെതിരേ വിമര്‍ശനങ്ങളുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധമാക്കിയ ആഭ്യന്തരമന്ത്രാലയം വിദേശത്തു നിന്ന് പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തുന്ന ഇന്ത്യക്കാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."