പ്രത്യയശാസ്ത്രവല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങള്‍
'2007 ഫെബ്രുവരി 19 വെളുപ്പിന് ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള ദിവാന സ്റ്റേഷന്‍ പരിസരത്ത് ആദ്യമെത്തിയ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്കു മാറ്റുന്നതേയുണ്ടായിരുന്നുള്ളൂ. അവസാന പിടച്ചിലുകള്‍, കുഞ്ഞുങ്ങളുടേതുള്‍പ്പെടെ കത്തിക്കരിഞ്ഞ ശരീരങ്ങള്‍... എല്ലാറ്റിനുമപ്പുറം മരണത്തിന്റെ, കരിഞ്ഞ മനുഷ്യമാംസത്തിന്റെ അസഹനീയ മണം.
പിറ്റേ ദിവസമോ അതിനടുത്ത ദിവസമോ പത്രത്തില്‍ വാര്‍ത്താഏജന്‍സിയെ ഉദ്ധരിച്ചു വാര്‍ത്ത വന്നിരുന്നു, സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്റെ പേരായിരുന്നു. പിന്നീട്, സംഘ്പരിവാര്‍ അഭിമാനപൂര്‍വം തങ്ങളാണിതെല്ലാം ചെയ്തതെന്നു വിളിച്ചുപറഞ്ഞിട്ടും ഒരു ഭരണകൂടവും ഇന്ത്യന്‍ മുജാഹിദീന്റെ പേരിലുള്ള മുസ്‌ലിംവേട്ട നിര്‍ത്തിയില്ല.
ഇതാ, അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസിലെ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കു കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. കേസില്‍ കുറ്റസമ്മതം നടത്തിയ അസിമാനന്ദയെ വെറുതെ വിട്ടിരിക്കുന്നു! ആ വാര്‍ത്ത പലരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. അത്രയും അപ്രധാനമായാണതു വന്നത്. ഒന്നാംപേജ് അര്‍ഹിക്കാത്ത വാര്‍ത്ത!'
(മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്)
മാധ്യമനൈതികത ഈ മേഖലയിലെ വിദ്യാര്‍ഥിയുടെ അടിസ്ഥാനവിഷയമാണെങ്കിലും അതു പാലിക്കാന്‍ മാധ്യമപ്രവര്‍ത്തകരോ നടപ്പാക്കാന്‍ സ്ഥാപനങ്ങളോ മിക്കപ്പോഴും ശ്രമിക്കാറില്ല. നിലനില്‍പ്പിന്റെ ഭീഷണിയും അജണ്ടകളുമാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെ ചേതോവികാരങ്ങളായി വര്‍ത്തിക്കാറുള്ളത്. വാര്‍ത്തകളെ വിറ്റഴിക്കാനുള്ള ശ്രമത്തിനിടയില്‍ സത്യം തമസ്‌കരിക്കപ്പെടുന്നു. അവിടെ നഷ്ടപ്പെടുന്നത് സത്യമറിയാനുള്ള പൗരന്റെ അവകാശങ്ങളാണ്.
കേരളത്തിലെ മാധ്യമങ്ങളെന്നല്ല പൊതുജനവും പുതുതായി ആരംഭിച്ച ചാനല്‍ പുറത്തുവിട്ട മന്ത്രിയുമായി ബന്ധപ്പെട്ട ശബ്ദറെക്കോര്‍ഡിനു പിന്നാലെയാണ്. റേറ്റിങിനായി തുടക്കത്തില്‍ തന്നെ ഇത്തരം അശ്ലീലസംഭാഷണം പുറത്തുവിട്ടതിലൂടെ അവര്‍ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചെങ്കിലും നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഈ നടപടിക്കെതിരേ രംഗത്തുണ്ട്. മാധ്യമനൈതികതയെക്കുറിച്ചു പരിഭവപ്പെടുന്നവര്‍തന്നെ സരിതാനായരുടെ സിഡി അന്വേഷിച്ചു ദിവസങ്ങള്‍ ചെലവഴിച്ചത് അധികമാരും മറന്നിട്ടില്ല. എന്നാല്‍, അന്യന്റെ കിടപ്പറകളിലേയ്ക്കും സ്വകാര്യഇടങ്ങളിലേയ്ക്കും ഒളികണ്ണിട്ടു റേറ്റിങ് കൂട്ടുന്ന ഇത്തരക്കാര്‍ ഏകകണ്ഠമായി യോജിക്കുന്ന വിഷയങ്ങളാണു ന്യൂനപക്ഷ വിരുദ്ധത.
ഭൂരിപക്ഷതാല്‍പര്യങ്ങള്‍ക്കു വെള്ളപൂശി ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചു മുസ്‌ലിംകളെ സംഘടിതമായി ഒറ്റപ്പെടുത്താനും അവര്‍ക്കെതിരായ അക്രമങ്ങള്‍ പത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ ഒതുക്കുന്നതിലും മിക്ക മാധ്യമങ്ങളും ഒരേ നിലപാടാണു സ്വീകരിക്കുന്നത്. കൂട്ടത്തില്‍നിന്നുള്ള വ്യതിചലനത്തിനു പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടി വരുന്നതിനാലും ദിനംപ്രതി വര്‍ധിച്ചുവരുന്ന വലതുപക്ഷ സമീപനങ്ങളുമാണ് ഇത്തരം നിലപാടുകള്‍ക്കു കാരണം.
ഭരണകൂടത്തിന്റെ ഇടനിലക്കാരായി വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവരും ദേശസ്‌നേഹത്തിന്റെ കുത്തകയേറ്റെടുത്തു ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരേ ശബ്ദിക്കുന്നവരെ ദേശവിരുദ്ധരും പാകിസ്താന്‍ ചാരന്മാരുമായി മുദ്രകുത്തുന്നതും രാജ്യത്തു പതിവായിരിക്കുന്നു. ചാനല്‍ചര്‍ച്ചകള്‍ക്കിടയില്‍ എതിരഭിപ്രായം പറയുന്നവരുടെ അണ്ണാക്കിലേയ്ക്കു ചോദ്യങ്ങള്‍ തിരികിക്കയറ്റി അവതാരകന്‍ ആഗ്രഹിക്കുന്ന മറുപടി ലഭിക്കാതാവുമ്പോള്‍ എതിര്‍വിസ്താരം ചെയ്തു തടസപ്പെടുത്തുന്നതു ചര്‍ച്ചാ അവതാരകരുടെ പതിവുശൈലിയാണ്.
പൊലിസിന്റെ അഭിപ്രായത്തെ അന്ധമായി പിന്തുടര്‍ന്നു നിരപരാധികളെ തീവ്രവാദിയും അക്രമിയെ നിരപരാധിയുമാക്കുന്ന നാടകങ്ങള്‍ പത്രമാധ്യമങ്ങളില്‍ ദിനംപ്രതികടന്നുവരുന്നുണ്ട്. തീവ്രവാദി ആക്രമണമുണ്ടാവുമ്പോള്‍ എന്നും ഒരേ മതത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും നല്‍കി വാര്‍ത്തകള്‍ക്ക് എരിവു പകരാറുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം പ്രതി നിരപരാധിയായാല്‍ ഇരയ്ക്കു നഷ്ടപ്പെട്ട നീതിയും വാര്‍ത്തകളിലെ വസ്തുതയും പ്രസിദ്ധീകരിക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ മുതിരാറില്ല.
ഹുബ്ലിയില്‍ തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷക്കാലം ജയിലില്‍ കഴിയേണ്ടി വന്ന യഹിയ കമ്മുക്കുട്ടിയെന്ന മലായാളിയുടെ ജീവിതം മാധ്യമഭീകരതയുടെ കെട്ടുകഥകള്‍ നിറഞ്ഞതായിരുന്നു. സ്വന്തം കുടുംബവുമൊത്ത് അത്താഴം കഴിക്കുമ്പോള്‍ പൊലിസ് പിടിച്ചുകൊണ്ടുപോയ യഹിയ ഭീകരവാദികളുടെ കൂടെയായിരുന്നുവെന്നും അവശേഷിക്കുന്നവര്‍ ഓടിരക്ഷപ്പെട്ടുവെന്നുള്ള വാര്‍ത്തയാണു പിറ്റേന്നത്തെ മാധ്യമങ്ങളില്‍ വന്നത്.
2008 ഫെബ്രുവരി 23ന് ഒരു മലയാളപത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: 'യഹ്‌യ നേരത്തേ പൊലിസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ജമ്മുകശ്മിരില്‍ രണ്ടുവര്‍ഷം മുമ്പു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട രണ്ടു തീവ്രവാദികള്‍ മരിച്ചതുമായി ബന്ധപ്പെട്ടാണു സംശയമുണര്‍ന്നത്.' ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥകള്‍ നിരപരാധികളായി പുറത്തിറങ്ങുന്ന'കൊടുംതീവ്രവാദികള്‍ക്ക്' വരുത്തുന്ന നഷ്ടങ്ങള്‍ ചിന്തിക്കാറില്ല.
മാര്‍ച്ച് 11ന് കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന ഇന്നസന്‍സ് നെറ്റ്‌വര്‍ക്ക് എന്ന സംഘടനയുടെ നേതൃത്വത്തില്‍ തീവ്രവാദക്കേസുകളില്‍ നിരപരാധികളാണെന്നു തെളിഞ്ഞു വിട്ടയക്കപ്പെട്ടവര്‍ മാധ്യമങ്ങളുടെ തീവ്രവാദപ്പട്ടം കിട്ടിയതിനാല്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട സന്തോഷങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുകയുണ്ടായി. പില്‍ക്കാലത്ത് ഇതരമത തീവ്രവാദികളാണെന്നു തെളിഞ്ഞെങ്കിലും മക്കാ മസ്ജിദ് സ്‌ഫോടനത്തില്‍ കുറ്റാരോപിതനായി പിടിക്കപ്പെട്ട ഇമ്രാന്‍ഖാനെന്ന പത്തൊമ്പതുകാരന്‍ നിരപരാധിയാണെന്നു തെളിയാന്‍ ഒന്നര വര്‍ഷത്തോളം ജയിലില്‍ കിടന്നു.
കുടുംബസല്‍ക്കാരത്തിനിടെ രാത്രിയില്‍ പിടിച്ചുകൊണ്ടുപോയ താഹിറിനെ അടുത്തദിവസം മാധ്യമങ്ങളില്‍ പരിചയപ്പെടുത്തിയത് പത്തുകിലോ ആര്‍.ഡി.എക്‌സുമായി ഭീകരന്‍ പിടിയില്‍ എന്നായിരുന്നു. ജയിലില്‍ നിന്നിറങ്ങി ഹൈദരാബാദിലെ പള്ളിയില്‍ ജുമാ നിസ്‌കാരത്തിനെത്തിയ താഹിറിനടുത്തുനിന്നു നിസ്‌കരിക്കാന്‍ ആരും തയാറായില്ല. മാധ്യമങ്ങളുടെ സഹായത്തോടെ സൃഷ്ടിക്കപ്പെട്ട തീവ്രവാദിയുടെകൂടെ നില്‍ക്കാന്‍ അവര്‍ക്കു ഭയമായിരുന്നു.
അദ്ദേഹം പങ്കുവച്ച മറ്റൊരു ദുരനുഭവം കുടുംബത്തില്‍ നിന്നുപോലും തന്നെ തീവ്രവാദിയാക്കിയെന്നതാണ്. ജയില്‍മോചിതനായപ്പോള്‍ അമ്മായി ചോദിച്ചുപോലും 10 കിലോ ആര്‍.ഡി.എക്‌സ് നീ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നതെന്ന്. നാട്ടുകാരും കുടുംബവും അകല്‍ച്ച പുലര്‍ത്തി ഇത്തരം നിരപരാധികളായ 'തീവ്രവാദികള്‍' ഉണ്ടാവുന്നതു വസ്തുതകളറിയാതെ അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ ബ്രേക്കിങ് ന്യൂസാക്കിയതിനാലാണ്.
ഇത്തരം മാധ്യമപ്രവര്‍ത്തനങ്ങള്‍ക്കു തിരുത്തുമായാണു ദിവസങ്ങള്‍ക്കുമുമ്പ് എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാര്‍ രംഗത്തെത്തിയത്. റിയാലിറ്റി ഷോയില്‍ നഹീദ് അഫ്രീദിയെന്ന മുസ്‌ലിംപെണ്‍കുട്ടി ഹൈന്ദവഭക്തിഗാനം പാടിയതിനെതിരേ 46 മുസ്‌ലിംപണ്ഡിതന്മാരുടെ ഫത്‌വയിറക്കിയെന്ന വാര്‍ത്ത മലയാള മാധ്യമങ്ങള്‍വരെ നന്നായി കൊണ്ടാടിയിരുന്നു. ആ വാര്‍ത്ത വ്യാജമാണെന്നും ഇത്തരത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ഫത്‌വ ഇറക്കിയില്ലെന്നും തെളിഞ്ഞപ്പോള്‍ ഈ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ അദ്ദേഹം പരസ്യമായി മാപ്പു പറഞ്ഞിരുന്നു.
റിപ്പോര്‍ട്ടിങ്ങിലെ ഒരു മുത്തശ്ശി പത്ര ഗഥ
മലയാളമാധ്യമപ്രവര്‍ത്തന റിപ്പോര്‍ട്ടിങ്ങില്‍ സ്വാതന്ത്ര്യസമരത്തോളം ചരിത്രമുള്ള ഒരു മുത്തശ്ശിപത്രത്തിന്റെ മുസ്‌ലിംവിരുദ്ധതയും വലതുപക്ഷ ചായവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കേരളത്തിലെ മുസ്‌ലിംവിരുദ്ധ വാര്‍ത്തകള്‍ അകത്ത് ഒറ്റക്കോളത്തില്‍ ഒതുക്കേണ്ടവയാണെങ്കിലും ഈ പത്രം ഒന്നാംപേജില്‍ ലീഡായി പ്രസിദ്ധീകരിക്കും. ഇതിനു പിന്‍ബലം ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഊഹാപോഹമാണെങ്കിലും മാറ്റമില്ല. മുസ്‌ലിം ഐഡന്റിറ്റിയുള്ള മറ്റു കേസുകളിലെ പ്രതികളുടെ ഫോട്ടോവരെ കൊടുത്ത് വാര്‍ത്തയ്ക്ക് ആധികാരികത നല്‍കും.
മുകളില്‍ പറഞ്ഞതു മലയാളത്തില്‍ ഇന്ന് ഇറങ്ങിക്കൊണ്ടിരിക്കുന്ന പ്രമുഖ പത്രത്തിന്റെ വിശേഷ ഗുണങ്ങളാണ്. പക്ഷപാതമായ മറുവശം കൂടെയുണ്ട് ഈ പത്രത്തിന്. ഈയിടെ നടന്ന രണ്ടു കൊലപാതകങ്ങളാണ് ഇതിന് ഉദാഹരണം. മലപ്പുറം കൊടിഞ്ഞിയില്‍ മതം മാറി മുസ്‌ലിമായ ഫൈസലിനെ വര്‍ഗീയതയുടെ വിഷം നിറഞ്ഞവര്‍ വെട്ടിക്കൊന്നപ്പോള്‍ ഈ പത്രം അപ്രധാനമായി ഉള്‍പേജില്‍ ചെറിയ വാര്‍ത്ത കൊടുത്തു. തലക്കെട്ട് ഇങ്ങനെയായിരുന്നു, 'യുവാവ് റോഡില്‍ വെട്ടേറ്റ നിലയില്‍'.
സ്വയം വെട്ടി മരിച്ചതാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ കുറ്റംപറയാനാകില്ല. ആരാണു കൊന്നതെന്നും എന്തിനു കൊന്നുവെന്നും വ്യക്തമായി മനസിലായിട്ടും എവിടെയും പരാമര്‍ശമില്ല. സമാനമായി കഴിഞ്ഞദിവസം സമാധാനം മാത്രം സമര്‍പ്പിച്ചുവരുന്ന ആരാധനാലയത്തില്‍ കയറി പള്ളിയിലെ ഉസ്താദിനെ ഫാസിസ്റ്റുകള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കേരളം ഞെട്ടേണ്ടിയിരുന്ന ഈ അക്രമത്തെ മസില്‍ പിടച്ച് ഒതുക്കി നിര്‍ത്തിയ ഈ പത്രം വാര്‍ത്ത കൊടുത്തത് ഉള്‍പേജില്‍. കേരളത്തില്‍ മാധ്യമധര്‍മത്തിന്റെ കണിക സൂക്ഷിക്കുന്നവരെല്ലാം ഒന്നാംപേജില്‍ കൊടുത്ത ഈ അരുംകൊലയെ ഇവര്‍ക്കു യുവാവു മരിച്ച നിലയിലായി മാറിയെങ്കില്‍ മുത്തശ്ശിപ്പത്രത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് അറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
മലയാള മാധ്യമപ്രവര്‍ത്തനത്തില്‍ വര്‍ധിച്ചുവരുന്ന ഈ അരികുവല്‍ക്കരണത്തെ കാണാതെ പോകുന്നതു നാം പുലര്‍ത്തിയിരുന്ന സാക്ഷരതാബോധത്തിന് ഇളക്കംതട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. വിവരങ്ങള്‍ അറിയാന്‍ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ നാം ആശ്രയിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം ജനങ്ങളും പത്രങ്ങളെയും ചാനലുകളെയുമാണ് ഇപ്പോഴും ആശ്രയിക്കുന്നത്. അജണ്ട സെറ്റിങ്ങിന്റെ ഭാഗമായി പുറത്തുവിടുന്ന ഇത്തരം മാധ്യമങ്ങളോടു കരുതലോടെ സമീപിക്കാന്‍ സാക്ഷരതയുള്ള മലയാളികള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."