മതപരിവര്‍ത്തനം ആരോപിച്ച് ആരാധന തടസപ്പെടുത്തി
ലഖ്‌നൗ: മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പൊലിസെത്തി പ്രാര്‍ഥന തടസപ്പെടുത്തി. പൊലിസ് പരിശോധനക്കെത്തുമ്പോള്‍ യു.എസില്‍ നിന്നുള്ള സഞ്ചാരികള്‍ ഉള്‍പ്പെടെ നൂറിലേറെപ്പേര്‍ ഇവിടെയുണ്ടായിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനയാണ് ആരോപണമുന്നയിച്ചത്. എന്നാല്‍ ഇവിടെ മതപരിവര്‍ത്തനം നടക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും ഇത്തരത്തിലുള്ള ഒരു സംഭവം ഇവിടെ നടക്കുന്നില്ലെന്നും ആരാധനാലയ ഭാരവാഹികള്‍ അറിയിച്ചു.
പരിശോധനയില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരുതെളിവുകളും കണ്ടെത്താനായില്ലെന്ന് പൊലിസും അറിയിച്ചു. ആരോപണത്തില്‍ കഴമ്പില്ലെന്നും ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.
രേഖകള്‍ പരിശോധിച്ചപ്പോള്‍ യു.എസ് പൗരന്മാര്‍ അടക്കമുള്ളവര്‍ മതപരിവര്‍ത്തനത്തിനായി എത്തിയതാണെന്നതിന്റെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. തങ്ങള്‍ പരിശോധനക്കെത്തുമ്പോള്‍ അവിടെ പതിവുപോലുള്ള പ്രാര്‍ഥനയായിരുന്നുവെന്ന് പൊലിസ് സൂപ്രണ്ട് പി.കുമാര്‍ പറഞ്ഞു.
ബ്രിട്ടിഷുകാരുടെ കാലം മുതലുള്ള ആരാധനാലയത്തിനുനേരെ ആദ്യമായാണ് ഇത്തരമൊരു ആരോപണം ഉണ്ടാകുന്നത്. നേപ്പാളിലേക്ക് പോകുന്ന പാതയിലായതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് മഹാരാജ് ഗഞ്ച് സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."