കെ.ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് സി.പി.എമ്മിന് തലവേദനയാവുന്നു
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സൈദ്ധാന്തികനുമായ കെ.ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിക്കു തലവേദനയാകുന്നു. കെട്ടടങ്ങിയെന്നു നേതൃത്വം കരുതിയ വിഭാഗീയത വീണ്ടും ആളിക്കത്തിക്കുന്നതാണ് ഔദ്യോഗികപക്ഷത്തിന്റെ ശക്തനായ വക്താവും ജില്ലാ കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയരക്ടറുമായ കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നു.
പോസ്റ്റ് സൈബര്‍ ലോകത്തു ചര്‍ച്ചയായതോടെ പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവരികയാണ്. പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പോസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന തരത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ അഭിപ്രായം ശക്തമാണ്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസ് അച്യുതാനന്ദന്റെ ഹരജി സുപ്രിം കോടതി തള്ളിയതിനു പിറ്റേന്നാണു സര്‍ക്കാര്‍ നിലപാടിനെതിരേ കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
'ഐസ്‌ക്രീം കേസ് ഉയര്‍ത്തുന്ന ധാര്‍മികവും നൈതികവുമായ പ്രശ്‌നങ്ങള്‍...ജനാധിപത്യബോധമുള്ള ഓരോ മലയാളിയും ഉത്തരം തേടിക്കൊണ്ടേയിരിക്കും...' എന്നു തുടങ്ങുന്ന പോസ്റ്റ് 'പണവും അധികാരവും കശക്കിയെറിയുന്ന ഇരകളോടൊപ്പമാവണം സര്‍ക്കാര്‍' എന്നു പറഞ്ഞാണ് അവസാനിക്കുന്നത്. സുപ്രിം കോടതിയിലെ കേരള സര്‍ക്കാരിന്റെ അഭിഭാഷകന്റെ നിലപാട് ഇടതുപക്ഷ സര്‍ക്കാര്‍ പരിശോധിക്കുക തന്നെ വേണമെന്നും പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കുഞ്ഞിക്കണ്ണന്റെ നിലപാടിനെ അനുകൂലിച്ചും എതിര്‍ത്തും ഫേസ്ബുക്കിലെ ചര്‍ച്ച നീണ്ടതോടെയാണു സംഭവം വിവാദമായത്. ഫലത്തില്‍ വി.എസിന്റെ നിലപാടിനെ പൂര്‍ണമായി പിന്തുണക്കുകയായിരുന്നു കുഞ്ഞിക്കണ്ണന്‍.
ഉറച്ച ഔദ്യോഗിക പക്ഷക്കാരനായ അദ്ദേഹം നിലപാടു മാറ്റുന്നുവെന്ന പ്രചാരണവും ഇതിനു പിന്നാലെ വന്നു. ഉറങ്ങിക്കിടന്ന വി.എസ് അനുകൂലികളും അവസരം മുതലാക്കി ചര്‍ച്ച കൊഴുപ്പിച്ചു. ഇതോടെ തന്റെ നിലപാടിനു കൂടുതല്‍ വ്യക്തത വരുത്തി കുഞ്ഞിക്കണ്ണന്‍ കഴിഞ്ഞ ദിവസം പുതിയ പോസ്റ്റിട്ടു. തന്റെ എഫ്.ബി പോസ്റ്റ് പാര്‍ട്ടി വിരുദ്ധര്‍ സി.പിഎമ്മിനകത്തെ ഭിന്നസ്വരമായി ചിത്രീകരിക്കുകയാണെന്നും ഇതു ശരിയല്ലെന്നുമാണു പുതിയ പോസ്റ്റില്‍ പറയുന്നത്. ജനപക്ഷ സര്‍ക്കാരിനു തെറ്റു പറ്റരുതെന്നും പറ്റിപ്പോകുന്ന തെറ്റുകള്‍ തിരുത്തിപ്പോകണമെന്നും ആഗ്രഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകന്റെ സഹജമായ ഉത്തരവാദിത്തമാണു താന്‍ നിര്‍വഹിച്ചതെന്ന് പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവരോടായി കുഞ്ഞിക്കണ്ണന്‍ പുതിയ പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ അഭിഭാഷകനെതിരേ അദ്ദേഹം ശക്തമായി പ്രതികരിക്കുകയും ചെയ്തു.
രണ്ടാമത്തെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയാണ്. പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് അഭിഭാഷകന്റെ നിലപാടിലൂടെ പുറത്തുവന്നതെന്നും പാര്‍ട്ടി പണക്കാര്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും കുഞ്ഞിക്കണ്ണനെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടി യോഗത്തില്‍ പറയേണ്ട നിലപാട് കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കിലൂടെ പരസ്യമാക്കിയതു തികഞ്ഞ അച്ചടക്ക ലംഘനമാണെന്നാണു മറുവിഭാഗത്തിന്റെ വാദം. കുഞ്ഞിക്കണ്ണന്റെ നിലപാടുകളെ പിന്തുണച്ചു പ്രതികരിക്കുന്നവരില്‍ അധികവും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും അനുഭാവികളുമാണ്.
എന്നാല്‍ നേതൃത്വം ഇക്കാര്യത്തില്‍ മൗനത്തിലാണ്. പ്രശ്‌നത്തില്‍ പരസ്യമായി ഇടപെട്ടതിലൂടെ കുഞ്ഞിക്കണ്ണന്‍ സി.പി.എം ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടാകാനുള്ള സാധ്യത കൂടുതലാണ്.
ഇതു കണക്കിലെടുത്താണു തന്റെ നിലപാട് പാര്‍ട്ടി വിരുദ്ധമല്ലെന്ന് കുഞ്ഞിക്കണ്ണന്‍ ആവര്‍ത്തിക്കുന്നത്. നക്‌സല്‍ നേതാവായിരുന്ന കുഞ്ഞിക്കണ്ണന്‍ 10 വര്‍ഷം മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. സി.പി.ഐ (എം.എല്‍) റെഡ് ഫ്‌ളാഗിന്റെ യുവജന സംഘടനയായ യുവജനവേദിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം സി.പി.എമ്മിലെത്തിയതിനു ശേഷം തുടക്കം മുതല്‍ ഔദ്യോഗിക പക്ഷത്തിന്റെ സൈദ്ധാന്തിക മുഖമായി പ്രവര്‍ത്തിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."