സുരക്ഷാസംവിധാനങ്ങള്‍ ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്താനുള്ളതാകരുത്: മന്ത്രി
കൊച്ചി: വ്യാവസായിക സ്ഥാപനങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്താനുള്ളതാകരുതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ സുരക്ഷാ അവാര്‍ഡ് വിതരണവും ഫാക്ടറി ഗ്രേഡിങ് സര്‍ട്ടിഫിക്കറ്റ് വിതരണവും ദേശീയ സെമിനാറും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാവസായിക ശാലകളിലെ മുഴുവന്‍ തൊഴിലാളികളുടെയും സമീപപ്രദേശങ്ങളിലെ ജനങ്ങളുടെയും സുരക്ഷ അതത് സ്ഥാപനങ്ങള്‍തന്നെ ഉറപ്പുവരുത്തണം. അപകടരഹിതവും രോഗവിമുക്തവുമായ തൊഴിലിടം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പരിശോധനകള്‍ നടന്നുവരികയാണ്. അപകടം നടന്നതിനുശേഷം സുരക്ഷ ഒരുക്കുന്നതിനേക്കാള്‍ അത് നടക്കാതിരിക്കാനുള്ള മുന്‍കരുതലും സുരക്ഷാക്രമീകരണങ്ങളും നടത്തുക എന്നതിനാകണം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വകുപ്പ് ഡയരക്ടര്‍ പി. പ്രമോദ് ചടങ്ങില്‍ അധ്യക്ഷനായി. ബി.പി.സി.എല്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ പ്രസാദ് കെ. പണിക്കര്‍, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് മെംബര്‍ സെക്രട്ടറി എസ്. ശ്രീകല, കെ.എന്‍ ഗോപിനാഥ്, മുഹമ്മദ് അഷ്റഫ്, സി.കെ മണിശങ്കര്‍ സംസാരിച്ചു.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ നിതീഷ് ദേവരാജ് സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോയിന്റ് ഡയരക്ടര്‍ ആര്. സൂരജ് കൃഷ്ണന് സ്വാഗതവും സീനിയര്‍ ജോയിന്റ് ഡയരക്ടര്‍ എസ്. മണി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."