'പേവിഷ വിമുക്ത കേരളം'; ജന്തുജന്യരോഗ ദിനാചരണം നടത്തി
കല്‍പ്പറ്റ: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജന്തുജന്യരോഗ ദിനാചരണം സംഘടിപ്പിച്ചു. കല്‍പ്പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ അധ്യക്ഷയായി. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി അനില, ഡോ. രാധമ്മപിള്ള, കല്‍പ്പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ: ഫാദര്‍ ബിജു കോയിക്കാട്ടില്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.കെ.ആര്‍ ഗീത, എ.ഡി.സി.പി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എസ്.ആര്‍ പ്രഭാകരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലാതല ക്വിസ് മത്സരവും നടത്തി.
'പേവിഷ വിമുക്ത കേരളം' എന്നതാണ് ഈ വര്‍ഷത്തെ ജന്തുജന്യ ദിനാചരണം മുന്നോട്ടുവെക്കുന്ന പ്രധാന മുദ്രാവാക്യം. ലോകത്താകമാനമുള്ള പേവിഷ മരണങ്ങളുടെ 36 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. 90 ശതമാനത്തിനുമുകളില്‍ പേവിഷബാധയേല്‍ക്കുത് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാത്ത നായ്ക്കളുടെ കടിയേറ്റാണ്.
കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ മാത്രമാണ് പേവിഷബാധയ്‌ക്കെതിരെയുള്ള ഏക പോംവഴി. മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ അപര്യാപ്തതമൂലം തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പേവിഷബാധ പടര്‍ന്നു പിടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.
ഈസാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവല്‍കരിക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജന്തുജന്യരോഗ ദിനാചരണം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."