പിതാവിന്റെയും സഹോദരങ്ങളുടെയും ക്രൂര മര്‍ദനം: യുവാവും ഭാര്യയും പരിക്കുകളോടെ ആശുപത്രിയില്‍
ചങ്ങനാശേരി: പിതാവിന്റെ നേതൃത്വത്തില്‍ സഹോദരങ്ങള്‍ വീടുകയറി നടത്തിയ ആക്രമത്തില്‍ യുവാവിനും ഭാര്യക്കും ക്രൂര മര്‍ദനമേറ്റതായി പരാതി. ചങ്ങനാശേരി നാലുകോടി റെയില്‍വേ ക്രോസിന് സമീപം വെട്ടിക്കാട്ട് കടുത്താനം വീട്ടില്‍ ഷാര്‍ലോ മോര്‍, ഭാര്യ നൈഫില്‍ എന്നിവരെയാണ് പിതാവും സഹോദരങ്ങളും വീടുകയറി ആക്രമിച്ചത്. ക്രൂരമായ മര്‍ദനത്തില്‍ ശരീരമാസകലം പരിക്കേറ്റ ഇരുവരെയും ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ താമസിച്ച വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ജര്‍മന്‍ പൗരത്വം ഉള്ള പിതാവും മൂന്നു സഹോദരങ്ങളും ചേര്‍ന്ന് കഴിഞ്ഞ എട്ടാം തീയതി നാട്ടിലെത്തിയതിനു ശേഷമാണ് ഇന്നലെ പിതാവിന്റെ നേതൃത്വത്തില്‍ വീടുകയറി ആക്രമണം നടത്തിയത്.
അക്രമത്തിന് കാരണം സ്വത്തു തര്‍ക്കമാണന്ന് പൊലിസ് പറഞ്ഞു. മര്‍ദനമേറ്റ ഷാര്‍ലോയുടെ സഹോദരന്റെ പേരിലുള്ള വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഈ വീട്ടില്‍ നിന്നും ഒഴിഞ്ഞു കൊടുക്കണം എന്നാവശ്യപ്പെട്ടാണ് പിതാവും സഹോദരങ്ങളും ജര്‍മനിയില്‍ നിന്നും നാട്ടില്‍ എത്തുബോള്‍ മര്‍ദിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി മര്‍ദനമേറ്റവര്‍ ഈ വീട്ടിലാണ് താമസിക്കുന്നത്. പിതാവ് തോമസ് മോര്‍ സ്വത്ത് വീതം വച്ചപ്പോള്‍ ഷാര്‍ലോ മോറിന് അവകാശപെട്ട സ്വത്തുവകകള്‍ നല്‍കിയിരുന്നില്ല. ഇത് ചോദ്യം ചെയ്ത് ഷാര്‍ലോ 2016ല്‍ ചങ്ങനാശേരി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച് വീട്ടില്‍ നിന്നും ഇറക്കി വിടരുതെന്ന് ഉത്തരവ് ലഭിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേയാണ് ഇപ്പോള്‍ തങ്ങളെ വീടുകയറി ആക്രമിച്ചതെന്ന് ചങ്ങനാശേരി ഡി.വൈ.എസ്.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഇതേ വീടിന്റെ പിന്നിലായി ഷാര്‍ലോ വളര്‍ത്തിയിരുന്ന മീന്‍ കുളത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് 60,000 രൂപയുടെ നഷ്ടം ഉണ്ടായിരുന്നു.
പിതാവ് തോമസ് മോര്‍, മാതാവ് മറിയാമ്മ, സഹോദരങ്ങളായ ജോനോ മോര്‍, യൂണിക്ക, എസ്സോമോര്‍, സമീപവാസി എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം രണ്ടു തവണ വീടുകയറി ആക്രമിച്ചതായും വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ എടുത്തു കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു. തൃക്കൊടിത്താനം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."