ശ്രേയാംസ് കുമാറിനായി എല്‍.ജെ.ഡി; സീറ്റിനായി ജനതാദളും
#ടി.കെ ജോഷി
കോഴിക്കോട്: സീറ്റ് വിഭജനത്തിലേക്ക് കടക്കുന്ന ഇടതുമുന്നണിക്ക് കുരുക്കിട്ട് വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍. തങ്ങള്‍ക്ക് വടകരയോ കോഴിക്കോടോ വേണമെന്ന ഉറച്ച നിലപാടിലേക്ക് എല്‍.ജെ.ഡി മാറിയതോടെ മുന്നണിയില്‍ സീറ്റ് വിഭജനം തര്‍ക്കത്തിലേക്ക് നീങ്ങുകയാണ്. കോട്ടയത്തിനു പകരം കോഴിക്കോട് പോലുള്ള സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ജനതാദള്‍- എസും കലാപക്കൊടി ഉയര്‍ത്തുന്നുണ്ട്.
എം.പി വീരേന്ദ്രകുമാര്‍ എം.പിയുടെ മകനും കല്‍പ്പറ്റ മുന്‍ എം.എല്‍.എയുമായ എം.വി ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ഥിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍.ജെ.ഡി സീറ്റ് ആവശ്യപ്പെടുന്നത്. ശ്രേയാംസ്് കുമാര്‍ മത്സരിക്കുകയാണെങ്കില്‍ കോഴിക്കോട് വിട്ടുകൊടുക്കാമെന്ന ആലോചന സി.പി.എമ്മിലുമുണ്ട്. എന്നാല്‍ എല്‍.ജെ.ഡി ലക്ഷ്യമിടുന്നത് വടകര സീറ്റാണ്. തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളത് വടകരയിലാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം വടകരയില്‍ മത്സരിക്കുകയെന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നമാണ്.
കഴിഞ്ഞ രണ്ടു തവണ അടിപതറിയെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തലശേരിയും കൂത്തുപറമ്പും ഉള്‍പെടുന്ന വടകര ലോക്‌സഭാ മണ്ഡലം തങ്ങള്‍ക്ക് അനുകൂലമാണെന്ന് വിലയിരുത്തലിലാണ് സി.പി.എം. ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സി.പി.എമ്മില്‍ നിന്ന് പുറത്തുപോയതും പിന്നീട് ടി.പി കൊലചെയ്യപ്പെട്ടതും ഉയര്‍ത്തിയ പ്രശ്‌നങ്ങളാണ് സീറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് സി.പി.എം കരുതുന്നത്. അതിനാല്‍ തന്നെ ആര്‍.എം.പി ഫാക്ടറിനെ വടകര തിരിച്ചുപിടിച്ചുകൊണ്ട് മറികടക്കാനുള്ള നീക്കങ്ങളാണ് സി.പി.എം നടത്തുന്നതും. കഴിഞ്ഞ തവണ വീരേന്ദ്ര കുമാര്‍ നേതൃത്വം നല്‍കുന്ന കക്ഷി യു.ഡി.എഫിലായിരുന്നു. എല്‍.ജെ.ഡി ഇപ്പോള്‍ എല്‍.ഡി.എഫില്‍ എത്തിയതോടെ വടകരയുടെ രാഷ്ട്രീയ ബലാബലത്തിലും മാറ്റം വന്നിട്ടുണ്ട്.
വടകരയില്‍ 70,000 ഓളം വോട്ടുകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് എല്‍.ജെ.ഡിയുടെ അവകാശവാദം. കോഴിക്കോടും വിട്ടുകൊടുക്കാതെ വടകരയില്‍ സി.പി.എം മത്സരിച്ചാല്‍ എല്‍.ജെ.ഡി വോട്ടുകള്‍ എതിര്‍പക്ഷത്തേക്ക് ചാഞ്ഞാല്‍ സി.പി.എമ്മിനു തിരിച്ചടിയായേക്കും. ഈ സാഹചര്യത്തിലാണ് സി.പി.എം മത്സരിക്കുന്ന കോഴിക്കോട് എല്‍.ജെ.ഡിക്കു നല്‍കാമെന്ന അഭിപ്രായമുയരുന്നത്. വടകര എല്‍.ജെ.ഡിക്ക് കൊടുത്താല്‍ ജനതാദള്‍- എസ് കലാപക്കൊടി ഉയര്‍ത്താനിടയുണ്ട്. ഇതും വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കിയാക്കിയാല്‍ വിജയത്തെ ബാധിച്ചേക്കും.
സീറ്റ് ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ മനയത്ത് ചന്ദ്രന്‍, കെ.പി മോഹനന്‍ തുടങ്ങിയവരുടെ പേരുകളാണ് എല്‍.ജെ.ഡി ഉയര്‍ത്തിയിരുന്നതെങ്കിലും സീറ്റ് ലഭിച്ചാല്‍ ശ്രേയാംസ് കുമാര്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി. മുന്നണി മാറി വന്ന വീരേന്ദ്രകുമാറിന് രാജ്യസഭാംഗത്വം സി.പി.എം നല്‍കിയിരുന്നു. ഇനി മകന് ലോക്‌സഭാ സ്ഥാനാര്‍ഥിത്വവും നല്‍കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."