തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി; പ്രവാസലോകത്തും പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവം
മനാമ: ബുധനാഴ്ച നടക്കാനിരിക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ പ്രവാസ ലോകത്തും സജീവമായി. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയുടെയും കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെയും സി.പി.എം അനുകൂല ബഹ്‌റൈന്‍ പ്രതിഭയുടെയും നേതൃത്വത്തിലാണ് പ്രധാനമായും ഇവിടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുന്നത്.
പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ കെ.എം.സിസിയുടെയും ബഹ്‌റൈന്‍ പ്രതിഭയുടെയും ആസ്ഥാനങ്ങളില്‍ പ്രത്യേക പ്രവാസി കണ്‍വെണ്‍ഷനുകള്‍ നടന്നു. ഒ.ഐ.സിസി നേതാക്കളും പ്രവര്‍ത്തകരും കെ.എം.സി.സി സംഘടിപ്പിക്കുന്ന കണ്‍വെണ്‍ഷനുകളില്‍ സജീവമാണ്.
പ്രതിഭ ആസ്ഥാനത്തു നടന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഹമ്മദ് സലീം എംപി മുഖ്യാതിഥിയായിരുന്നു.
മലപ്പുറം പാര്‍ലന്റ് ഉപതെരഞ്ഞെടുപ്പില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഇന്നത്തെ ദേശീയ രാഷ്ട്രീയ സാചര്യത്തില്‍ വളരെ അനിവാര്യമാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. അംഗസംഖ്യയില്‍ കുറവാണെങ്കിലും പാര്‍ലമെന്റിലും പുറത്തും സംഘപരിവാറിനെതിരെ പ്രതിരോധം തീര്‍ക്കുന്നത് സിപിഐഎം ആണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് ഉപസമിതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഹമ്മദ് സലീം എംപി ബഹ്‌റൈനിലെത്തിയത്.
ചടങ്ങില്‍ പിടി നാരായണന്‍ അധ്യക്ഷത വഹിച്ചു. സിവി നാരായണന്‍, ശ്രീജിത്ത്, എവി അശോകന്‍, ഡി സലിം, കെ സതീന്ദ്രന്‍, ഗഫൂര്‍, മൊയ്തീന്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല് സാഹിബ് ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ ചേരിയില്‍ നിന്നു വിട്ടു നില്‍ക്കുന്ന കെ.എം മാണി പോലും യുഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങിയത് ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമാണ് വിളിച്ചറിയിക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എല്ലാവരില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കുന്നവരെയെല്ലാം ജയിലിലടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സര്‍ സി.പിയെ പോലും നാണിപ്പിക്കുന്ന പേക്കൂത്തുകളാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും സ്വന്തം പാര്‍ട്ടി അനുഭാവികളായ മഹിജയോടും കുടുംബത്തോടും ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ അസ് ലം വടകര മുഖ്യപ്രഭാഷണം നടത്തി, സിയാദ് ഏഴംകുളം, സൈതാലി, ഫാസില്‍ വട്ടോളി, ജവാദ് വട്ടകുളം, അബ്രഹാം ജോണ്‍, ചെന്പന്‍ ജലാല്‍, സല്‍മാനുല്‍ ഫാരിസ്, അസൈനാര്‍ കളത്തിങ്കല്‍, സലാം മന്പാട്ടുമൂല, ഗഫൂര്‍ കാളികാവ് , റിയാസ് വെളളച്ചാല്‍ എന്നിവര്‍ സംസാരിച്ചു.
ബിജെപി അനുകൂല പ്രവാസി സംഘടന ബഹ്‌റൈനിലുണ്ടെങ്കിലും കാര്യമായ പൊതുപരിപാടികളൊന്നും ഇതു വരെ സംഘടിപ്പിച്ചിട്ടില്ല. അതേ സമയം സോഷ്യല്‍ മീഡിയാ പ്രചരണങ്ങളില്‍ അവരും സജീവമാണ്.
ഏത് പാര്‍ട്ടിയുടെതായാലും പ്രവാസി കണ്‍വെന്‍ഷനുകളിലെല്ലാം ഉയര്‍ന്നു കേള്‍ക്കുന്നത് സ്വന്തം വീട്ടിലെയും അടുത്ത ബന്ധുക്കളുടെയും വോട്ടുകള്‍ ഫോണ്‍വിളിച്ച് ഉറപ്പിക്കണമെന്നും സോഷ്യല്‍ മീഡിയാ പ്രചരണം ശക്തമാക്കണമെന്നുമാണ്.
തെരഞ്ഞെടുപ്പ് അടുത്ത മണിക്കൂറുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുതകുന്ന ശ്രദ്ധേയമായ പോസ്റ്റുകള്‍ തയ്യാറാക്കാനുള്ള പ്രത്യേക ടീമുകളും ചില സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ക്കുവേണ്ടി പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."