2023 കുടുംബങ്ങള്‍ക്ക് വീട് നല്‍കാന്‍ ശുപാര്‍ശ ചെയ്യും
കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ പുതിയ വീട് നിര്‍മ്മിക്കുന്നതിനായി 2033 കുടുംബങ്ങളെ ശുപാര്‍ശ ചെയ്യാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
55 ഡിവിഷനുകളിലും സര്‍വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 11ന് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന സംസ്ഥാനതല സാംങ്ഷനിങ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയിലേക്കാണ് ഗുണഭോക്താക്കളെ ശുപാര്‍ശ ചെയ്തത്. 19ന് ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര സ്‌ക്രീനിങ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.
2033 കുടുംബങ്ങള്‍ക്ക് പദ്ധതി തുകയായി 60. 9 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 30.4 കോടി രൂപ കേന്ദ്രവിഹിതമാണ്. ബാക്കി തുകയില്‍ സംസ്ഥാന വിഹിതം, നഗരസഭാവിഹിതം, ഗുണഭോക്തൃവിഹിതം എന്നിവ ഉള്‍ക്കൊള്ളുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയവരെ അടുത്ത ഡിപിആറില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് മേയര്‍ അഡ്വ. വി രാജേന്ദ്രബാബു അറിയിച്ചു. ഡിവിഷനുകളില്‍ സര്‍വേ നടത്തി ആധാര്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പൂര്‍ണമായ അപേക്ഷകളാണ് ഒന്നാംഘട്ടത്തില്‍ നല്‍കിയിരിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
നഗരത്തില്‍ ആറ് സ്ഥലങ്ങളില്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് നഗരസഭാ പരിധിയില്‍ ആറ് സ്ഥലങ്ങളില്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. സെന്റ്‌ജോസഫ് സ്‌കൂള്‍ ജങ്ഷന്‍, ഉഷ തിയേറ്ററിന് മുന്‍വശം, കൊച്ചുപിലാംമൂട് ജങ്ഷന്‍, കൊല്ലം ബീച്ച്, ആര്‍.ഒ.ബിക്ക് സമീപം കന്റോണ്‍മെന്റ്, നായേഴ്‌സ് ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിക്കുക. ഗ്രീന്‍ഗേറ്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനമാണ് ലൈറ്റ് സ്ഥാപിക്കുക. അതിനു ചുറ്റും പരസ്യം വയ്ക്കാനും അനുമതി നല്‍കും. അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ഹൈമാസ്റ്റ്‌ലൈറ്റിന്റെ പരിപാലനം നിര്‍വഹിക്കും. തൃപ്തികരമല്ലെങ്കില്‍ പരസ്യങ്ങള്‍ എടുത്തുമാറ്റാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിന് അധികാരമുണ്ടാകുമെന്ന് മേയര്‍ അഡ്വ. വി രാജേന്ദ്രബാബു വ്യക്തമാക്കി. ചീനക്കൊട്ടാരത്തിന്റെ അവകാശം കോര്‍പ്പറേഷന് വിട്ടുനല്‍കണമെന്ന് റയില്‍വേയോട് അഭ്യര്‍ഥിക്കുന്ന പ്രമേയവും എസ്ബിറ്റിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത് സംസ്ഥാന താല്‍പര്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ തീരുമാനം നടപ്പിലാക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുള്ള പ്രമേയവും കൗണ്‍സില്‍ പാസ്സാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."