കെഴുവംകുളം ഗുരുദേവ ക്ഷേത്രത്തില്‍ സോഫാക്കട്ടില്‍ സമര്‍പ്പണം ഭക്തി നിര്‍ഭരമായി
പാലാ: ഒന്‍പത് പതിറ്റാണ്ടുമുമ്പ് ശ്രീനാരായണ ഗുരു വിശ്രമിച്ച സോഫാ,കട്ടില്‍ കെഴുവംകുളം ഗുരുദേവ ക്ഷേത്രസമുച്ചയത്തിന്റെപടിഞ്ഞാറേക്കോണില്‍ തീര്‍ത്ത പ്രത്യേകം സ്മൃതി മണ്ഡപത്തില്‍ ഭക്ത്യാദരപൂര്‍വ്വം ഇന്നലെ പ്രതിഷ്ഠിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദസ്വാമികള്‍ പാലാ മോഹനന്‍ തന്ത്രികള്‍, പി.ആര്‍. മഹേശ്വരന്‍ ശാന്തികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമര്‍പ്പണം.
ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിന്ന് പീതവസ്ത്രധാരികളായ പുരുഷന്മാര്‍ സ്മൃതിമണ്ഡപത്തിലേയ്ക്ക് കട്ടില്‍ എഴുന്നള്ളിച്ചു. വാദ്യമേളങ്ങളും താലപ്പൊലിയേന്തിയ വനിതകളും അകമ്പടിയായി. ഗുരുദേവ ക്ഷേത്രത്തിനും സുബ്രഹ്മണ്യ ക്ഷേത്രത്തിനും വലംവച്ച ഘോഷയാത്ര സ്മൃതിമണ്ഡപത്തില്‍ സമാപിച്ചു. ശാഖാ നേതാക്കളായ പി.എന്‍. രാജു, വനജ നിമിലാക്ഷന്‍, സുനിതാ ഷാജി, ലീലാമ്മ ബിജു, സി.എല്‍. പുരുഷോത്തമന്‍, കെ.ഐ. കരുണാകരന്‍, ഇ.ബി. അനീഷ്‌കുമാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് വിശേഷാല്‍ പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം കട്ടില്‍ സ്മൃതിമണ്ഡപത്തില്‍ സ്ഥാപിച്ചു. ഇതോടെ ഗുരുദേവ-സുബ്രഹ്മണ്യ-ദേവീ ക്ഷേത്രത്തിനൊപ്പം സോഫാ,കട്ടിലും ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി ഇനി കെഴുവംകുളം ക്ഷേത്രസമുച്ചയത്തിലുണ്ടാകും. സ്മൃതിണ്ഡപ സമര്‍പ്പണത്തിന് ശേഷം സമ്മേളനം, പ്രസാദമൂട്ട് എന്നിവയുണ്ടായിരുന്നു. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. വൈകിട്ട് ദീപാരാധന നടന്നു.
ഇന്ന് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവ ഭാഗമായി രാവിലെ അഷ്ടദ്രവ്യമഹാ ഗണപതിഹോമം, കലശവും കലശാഭിഷേകവും നടക്കും. 9ന് മറ്റക്കര ചെരിക്കനാംപുറം പാട്ടമ്പലത്തില്‍ നിന്നും കാവടി ഘോഷയാത്രയും നടക്കും. 12.30ന് കാവടി അഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് ഭജന, 6.30ന് നെയ്യൂര്‍ കാവില്‍ നിന്നും ഗുരുദേവചിത്ര രഥഘോഷയാത്ര, 9.30ന് ഘോഷയാത്രക്ക് സ്വീകരണം താലസമര്‍പ്പണം കൊടിയിറക്ക്, അന്നദാനം എന്നിവയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."