നീലേശ്വരം സ്‌കൂളില്‍ വിദ്യാലയ സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ
മുക്കം: സാമൂഹിക വിരുദ്ധരുടെ ആക്രമണം രൂക്ഷമായ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ സംരക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തിരുവമ്പാടി മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട നീലേശ്വരം സ്‌കൂളില്‍ അടുത്ത കാലത്ത് സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചുവരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കിയത്.
വിദ്യാലയത്തിലെ വാതിലുകളും ജനലുകളും തകര്‍ത്തും കുടിവെള്ള വിതരണ സംവിധാനം തീയിട്ടു നശിപ്പിച്ചും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് മുക്കം പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് പൊലിസിന്റെ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചത്.
പ്രതികളെ കണ്ടെത്താന്‍ നിയമ പാലകരെ സഹായിക്കാനും സ്‌കൂള്‍ പരിസരത്ത് പട്രോളിങ് ശക്തമാക്കാനും അനധികൃതമായി സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
സ്‌കൂള്‍ വളപ്പില്‍ ആവശ്യമായ സി.സി.ടി.വി കാമറ സ്ഥാപിക്കാന്‍ സഹായം നല്‍കാമെന്ന് അമിക്കോസ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി അബൂബക്കര്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ രജിത കുപ്പോട്ട്, മുക്കം എസ്.ഐ കെ. അബ്ദുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ കെ. റസിയ, പ്രധാനാധ്യാപകന്‍ കെ. അബ്ദുല്‍ ലത്തീഫ്, എസ്.എം.സി ചെയര്‍മാന്‍ എ. ജയപ്രകാശ്, എ.എം അഹമ്മദ്കുട്ടി ഹാജി, ഇളമന ഹരിദാസ്, പി.കെ അജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."