ഗുരുതര കുറ്റകൃത്യങ്ങളുടെ പരിഷ്‌ക്കരിച്ച പട്ടികയായി
തൊടുപുഴ: ശാസ്ത്രീയമായി തയാറാക്കിയ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടിക പൊലിസ് മേധാവി പുറത്തിറക്കി. ഇനി മുതല്‍ ഡി.വൈ.എസ്.പി മാര്‍ ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണ മേല്‍നോട്ടം നിര്‍വഹിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. എന്‍.ഐ.എ ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ഗുരുതര കുറ്റകൃത്യമായി പരിഗണിക്കും.
മുന്‍ഗണനാക്രമത്തില്‍ അക്കമിട്ട് നിരത്തിയാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.
ആദ്യത്തേത് കൊലപാതകവും കൊലപാതക ശ്രമവുമാണ്. 50 ലക്ഷത്തിന് മുകളില്‍ വരുന്ന സംഘടിത കവര്‍ച്ച, കൊള്ള, ഭവനഭേദനം,75 ലക്ഷത്തിന് മുകളില്‍ വരുന്ന മോഷണം എന്നിവ ഗുരുതര കുറ്റകൃത്യമായി പരിഗണിക്കും. സബ് ഇന്‍സ്‌പെക്ടര്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ കുറ്റകൃത്യം, ദുഷ്‌പ്രേരണ മൂലമുള്ള കുട്ടികളുടേയും ബുദ്ധിമാന്ദ്യമുള്ളവരുടേയും ആത്മഹത്യ, ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയോ അംഗവൈകല്യം ഉണ്ടാക്കുകയോ ചെയ്യുക,സ്ത്രീധന പീഡന മരണം, ബലാത്സംഗം,സ്ത്രീകള്‍ക്കെതിരേയുള്ള പീഡനം, കൂട്ടമാനഭംഗം, സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അപകട മരണം, വിദേശികളെ അക്രമിച്ച് മാരകമായി പരുക്കേല്‍പ്പിക്കുക, മതസൗഹാര്‍ദവും ദേശീയ ഉദ്ഗ്രഥനവും തകര്‍ക്കുക എന്നിവ ഗുരുതര കുറ്റകൃത്യങ്ങളാണ്.
യു.എ.പി.എ കേസുകളും പോക്‌സോ കേസുകളും അഞ്ചു ലക്ഷത്തിന് മുകളിലുള്ള അബ്കാരി കേസുകളും എല്ലാ എന്‍.ഡി.പി.എസ് കേസുകളും(മയക്കുമരുന്ന് കേസുകള്‍) ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. കള്ളനോട്ട് അടിക്കലും പ്രായപൂര്‍ത്തിയാകാത്തവരുടെ തിരോധാനവും ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു പൊലിസ് സ്റ്റേഷന്റെ പരിധയില്‍ ഇത്തരം ഗുരുതര കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഡി.വൈ.എസ്.പിയുടെ കര്‍ശന നിരീക്ഷണത്തില്‍ വേണം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ കേസ് അന്വേഷിക്കേണ്ടതെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."