എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം
കൊല്ലം: എസ്.എഫ്.ഐ 33-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളന വേദിയില്‍ എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി.
കണ്ണൂരിലെ കെ.വി സുധീഷ് രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കൊണ്ടുവന്ന പതാക ജാഥാ ക്യാപ്റ്റന്‍ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സലില്‍നിന്ന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ ഏറ്റുവാങ്ങി.
പാറശ്ശാല സജിന്‍ ഷാഹുല്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കേന്ദ്ര കമ്മിറ്റി അംഗം പ്രതിന്‍ സാജ് കൃഷ്ണയുടെയും രക്തസാക്ഷി ശ്രീകുമാറിന്റെ ചവറയിലെ വീട്ടില്‍നിന്ന് കേന്ദ്ര കമ്മിറ്റി അംഗം എസ്.ആര്‍ ആര്യയുടെയും നേതൃത്വത്തില്‍ കൊണ്ടുവന്ന ദീപശിഖ സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.എ ഏബ്രഹാം, കൊല്ലം ഏരിയ സെക്രട്ടറി എ.എം ഇക്ബാല്‍ എന്നിവര്‍ ഏറ്റുവാങ്ങി. കരുനാഗപ്പള്ളി ക്ലാപ്പനയിലെ അജയപ്രസാദ് രക്തസാക്ഷി സ്മാരകത്തില്‍നിന്ന് കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഖദീജത് സുഹൈലയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന കൊടിമരം സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്‌സ് ഏണസ്റ്റ് ഏറ്റുവാങ്ങി.
പതാക, ദീപശിഖ, കൊടിമര ജാഥകള്‍ വൈകിട്ട് ആറിന് ചിന്നക്കടയില്‍ സംഗമിച്ച ശേഷം ബൈക്ക് റാലിയുടെ അകമ്പടിയില്‍ പൊതുസമ്മേളന നഗരിയില്‍ എത്തി. കൊടിമര ജാഥ ക്ലാപ്പന അജയപ്രസാദ് രക്തസാക്ഷി സ്മാരകത്തില്‍ രാവിലെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു.
ദീപശിഖാ ജാഥകള്‍ പാറശ്ശാല സജിന്‍ ഷാഹുല്‍ രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി ശ്രീകുമാറിന്റെ ചവറയിലെ വീട്ടില്‍നിന്ന് അമ്മ ഗോമതിയമ്മ കൊളുത്തിയ ദീപശിഖാ ജാഥ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവും ഉദ്ഘാടനം ചെയ്തു. പതാക ജാഥ കണ്ണൂര്‍ കെ.വി സുധീഷ് രക്തസാക്ഷി മണ്ഡപത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. ജാഥകള്‍ക്ക് വഴിയോരങ്ങളില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്.
ക്യൂ.എ.സി മൈതാനിയില്‍ പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന റാലി നടക്കും. പ്രതിനിധി സമ്മേളനം അജയപ്രസാദ് നഗറില്‍(യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍, ആശ്രാമം) നാളെ രാവിലെ പത്തിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്ഘാടനംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."