ബഹ്റൈനില്‍ നിന്നുള്ള ആദ്യവിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
മനാമ: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്റൈനില്‍നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 4.30 ന് ബഹ്റൈന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 11.30 ന് കൊച്ചി വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
177 മുതിര്‍ന്ന യാത്രക്കാരോടൊപ്പം 5 കുട്ടികളുള്‍പ്പെടെ 182 പേരാണ് വിമാനത്തിലുള്ളത്.
ഉച്ചക്ക് 12 മണിയോടെ തന്നെ ബോര്‍ഡിങ് ആരംഭിച്ചിരുന്നു. തെര്‍മല്‍ സ്ക്രീനിങ് നടത്തിയാണ് യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിച്ചാണ് ബോര്‍ഡിങ്, എമിഗ്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയത്.
ഇതിനിടെ യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങളുമായി ബഹ്റൈനിലെ പ്രമുഖ സന്നദ്ധ സംഘടനകളും എത്തി. ബഹ്റൈന്‍ കെ.എം.സി.സി, ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം(ബി.കെ.എസ്.എഫ്) എന്നീ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരാണ് എയര്‍പോര്‍ട്ടിലെത്തി യാത്രക്കാര്‍ക്ക് സേവനങ്ങള്‍ ചെയ്തത്.
ഗര്‍ഭിണികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇവരുടെ സേവനം ഏറെ ആശ്വാസം പകര്‍ന്നു. ബാഗേജ് ട്രോളികള്‍ ചെക്ക് ഇന്‍ കൗണ്ടറുകളിലെത്തിക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരാണ് നിര്‍വ്വഹിച്ചത്. കൂടാതെ യാത്രക്കാര്‍ക്കാവശ്യമായ വെള്ളം, സ്നാക്സ്, മാസ്ക്, ഗ്ലൗസ് ,സാനിറ്റൈസര്‍ എന്നിവയും സന്നദ്ധ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.
വരും ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റുകളുള്‍പ്പെടെ വിതരണം ചെയ്യുമെന്ന് ബഹ്റൈന്‍ കെ.എം.സി.സി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."