പഞ്ചായത്തുകള്‍ രണ്ടു തട്ടില്‍; തൃപ്രയാര്‍ ബൈപാസിന്റെ കാര്യത്തില്‍ തീരുമാനമായില്ല
തൃപ്രയാര്‍: പഞ്ചായത്തുകള്‍ രണ്ടു തട്ടിലായതോടെ ദേശീയ പാത 17ലെ തൃപ്രയാര്‍ ബൈപാസിന്റെ കാര്യത്തില്‍ ഏകാഭിപ്രായമായില്ല. ഇതോടെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വലപ്പാട് പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗം തീരുമാനമാവാതെ പിരിഞ്ഞു. നാട്ടിക, വലപ്പാട് പഞ്ചായത്തുകള്‍ വ്യത്യസ്ത നിലപാടെടുത്തു. നാട്ടിക സെന്ററില്‍ നിന്നും ആരംഭിച്ച് വലപ്പാട് ആനവിഴുങ്ങി ഭാഗത്ത് അവസാനിക്കുന്ന വില്‍ബര്‍ത്ത് സ്മിത്ത് കണ്‍സള്‍ട്ടന്‍സി സമര്‍പ്പിച്ച രൂപരേഖ നാട്ടിക പഞ്ചായത്ത് നിര്‍ദ്ദേശിച്ചു. എന്നാല്‍ മുരിയാന്തോട് ഭാഗത്ത് അവസാനിക്കുന്ന രീതിയില്‍ ഫീഡ്ബാക്ക് കണ്‍സള്‍ട്ടന്‍സി സമര്‍പ്പിച്ച രൂപരേഖ വലപ്പാട് പഞ്ചായത്തും നിര്‍ദ്ദേശിച്ചു.
ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയാണ് ഫീഡ്ബാങ്ക് രൂപരേഖയുണ്ടാക്കിയതെന്ന് പറയുന്നു. അതേസമയം ദേശീയ പാത വികസനത്തിന് ആദ്യം തയ്യാറാക്കിയിരുന്ന വില്‍ബര്‍ത്ത് സ്മിത്ത് കണ്‍സള്‍ട്ടന്‍സിയുടെ പ്രെപ്പോസല്‍ അട്ടിമറിക്കാനായാണ് ഫീഡ് ബാക്ക് കണ്‍സള്‍ട്ടന്‍സിയുടെ പുതിയ പ്രെപ്പോസല്‍ കൊണ്ടുവന്നതെന്ന് ആരോപണമുയര്‍ന്നു. ഇതിന് വ്യക്തതയില്ലെന്നും ഇതംഗീകരീക്കാനാവില്ലെന്നും നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ യദുക്യഷ്ണ എന്നിവര്‍ നിലപാടെടുത്തു. എപ്രില്‍ 3ന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ബൈപാസിനെ കുറിച്ച് തീരുമാനമെടുക്കാന്‍ അടിയന്തര യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
യോഗത്തില്‍ ഫീഡ്ബാക്ക് കണ്‍സല്‍ട്ടന്‍സിയുടെ പ്രൊപൊസല്‍ സര്‍വ്വെ നമ്പര്‍ പ്രകാരം വിശദീകരിക്കാന്‍ കണ്‍സള്‍ട്ടന്‍സി പ്രതിനിധിക്കായില്ല. ആദ്യം തയാറാക്കിയ വില്‍ബര്‍ത്ത് സ്മിത്ത് കണ്‍സള്‍ട്ടന്‍സിയുടെ പ്രൊപ്പോസല്‍ രണ്ട് പഞ്ചായത്തുകളും നേരത്തേ അംഗീകരിച്ചിരുന്നു. വ്യവസായ പ്രമുഖര്‍ക്കുവേണ്ടിയുള്ള പുതിയ പിന്‍വാതില്‍ നിയമമാണ് പിന്നീടുണ്ടായതെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് കുറ്റപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയ രൂപരേഖയനുസരിച്ച് വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ തയ്യാറെടുപ്പുകള്‍ നടത്തിയതിനാലാണ് ആദ്യത്തെ രൂപ രേഖ നിര്‍ദ്ദേശിച്ചതെന്നും പി. വിനു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."