റോഡിലെ കുഴികളടച്ച് അറ്റകുറ്റപ്പണി നടത്തണമെന്ന് കൊണ്ടോട്ടി നഗരസഭാ കൗണ്‍സില്‍ യോഗം
കൊണ്ടോട്ടി: ഫറോക്ക് പാലക്കാട് ദേശീയപാതയില്‍ കൊണ്ടോട്ടിയില്‍ 17 മുതല്‍ കുറുപ്പത്ത് വരെയുളള ഭാഗങ്ങളിലെ കുഴികളടച്ച് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന നഗരസഭായോഗമാണ് വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ദേശീയപാതാ വിഭാഗത്തോട് ആവശ്യപ്പെട്ടത്. വകുപ്പിന്റെ നടപടികളില്‍ കാലതാമസമെടുക്കുമെങ്കില്‍ റോഡ് നന്നാക്കുന്നതിനുള്ള അനുമതി നഗരസഭക്ക് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഴക്കാലം ആരംഭിച്ചതോടെയാണ് കൊണ്ടോട്ടി 17 മുതല്‍ കുറുപ്പത്ത് ദേശീതപാതയില്‍ വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. റോഡില്‍ കുഴികളായതോടെ ഈ ഭാഗത്ത് ഗതാഗതകുരുക്കും പതിവായിരിക്കുകയാണ്. കൂടാതെ മഴ പെയ്യുന്നതോടെ കുഴികള്‍ തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങളടക്കമുള്ളവ അപകടത്തില്‍പ്പെടുന്നതും സ്ഥിരം കാഴ്ച്ചയാണ്.
കരിപ്പൂര്‍ വിമാനത്താവളവികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരേയുള്ള പ്രമേയവും കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ജനങ്ങളുടെ ആശങ്കയകറ്റിയതിനു ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ എന്ന് യു.കെ മമ്മദീശ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്നതിനെതിരെ നേരത്തെയും കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. ദേശീയപാതക്ക് കുറുകെയുള്ള ഖാസിയാരകം ചീനിത്തോട് 40 വര്‍ഷത്തേക്ക് നാലു ലക്ഷം രൂപക്ക് പാട്ടത്തിനു കൈമാറിയത് സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് എടുത്ത തീരുമാനമാണോ എന്നു പരിശോധിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. യു.കെ മമ്മദീശയാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. പഞ്ചായത്തിന്റെ മിനുറ്റ്‌സ് ബുക്കിലെയും പാട്ടത്തിനു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച തീയതികളും തമ്മില്‍ വൈരുധ്യമുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ രേഖകളും നിയമോപദേശം തേടുമ്പോള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."