ഫിഷ് ലാന്റിങ് സെന്ററിനായി ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍
മരട്: ചേപ്പനം ബണ്ട് റോഡില്‍ ഫിഷ് ലാന്റിങ് സെന്ററിനായി ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ ഉപോക്ഷിക്കാന്‍ നീക്കം. ലക്ഷങ്ങള്‍ പാഴാക്കിയ ഈ പദ്ധതി അധികൃതര്‍ കൈയൊഴിഞ്ഞ മട്ടിലാണ്.
പുഴ നികര്‍ത്തി പണിയാരംഭിച്ച് പത്ത് വര്‍ഷം പിന്നിട്ടിട്ടും ജോലികള്‍ ഇനിയും ബാക്കിയാണ്. മുന്‍ മന്ത്രി കെ ബാബു ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് മത്സ്യതൊഴിലാളികള്‍ക്ക് വഞ്ചി അടുപ്പിക്കുന്നതിനും, മത്സ്യം ഉണക്കുന്നതിനും വേണ്ടി ചേപ്പനം ബണ്ടിന് സമീപം ഫിഷ് ലാന്റിങ് സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പാലത്തിനരികില്‍ പുഴ നികത്തിയാണ് എട്ട് സെന്റ് ഭൂമി ഇതിനായി കണ്ടെത്തിയത്. എന്നാല്‍ നികത്തിക്കഴിഞ്ഞപ്പോള്‍ വീണ്ടും പ്ലാന്‍ മാറി ടൂറിസവുമായി ബന്ധപ്പെടുത്തി ജ്യൂസ് പാര്‍ലറും, ടീ സ്റ്റാള്‍, വാക് വേ എന്നിവ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ച് ഇവയുടെ നിര്‍മാണവും തുടങ്ങി. ഇങ്ങനെ നാല് ടീ സ്റ്റാളുകള്‍ നിര്‍മ്മിച്ചു.
പാലത്തിന് ഇരുവശവും ടൈലുകള്‍ വിരിച്ച് ഇരിപ്പിടങ്ങളുണ്ടാക്കി, ഭംഗിയേകുവാന് അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചു. ഇത്രയുമായപ്പോഴേക്കും ഫണ്ട് തീര്‍ന്നെന്ന് പറഞ്ഞ് കരാറുകാരനായ തേവര സ്വദേശി മാത്യു ജോലികള്‍ നിര്‍ത്തിവെച്ചു. ഇപ്പോള്‍ ഇതിന് വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കിയ ശേഷം മത്സ്യതൊഴിലാളികള്‍ക്കും, വൈകുന്നേരങ്ങളില്‍ കായല്‍ക്കാറ്റേറ്റ് നേരം കളയാനെത്തുന്ന ഗ്രാമവാസികള്‍ക്കും ഉപയോഗിക്കുവാന്‍ പറ്റാത്ത വിധത്തിലായ അവസ്ഥയിലാണുള്ളത്. രണ്ട് കൊല്ലത്തിലധികമായി പണിതീര്‍ത്ത കൂടാരങ്ങള്‍ പോലെയുള്ള ടീസ്റ്റാളുകള്‍ രാത്രിയാകുന്നതോടെ ലഹരിമരുന്ന് സംഘങ്ങളുടെ താവളമായി മാറുന്നു.
പാലത്തില്‍ സ്ഥാപിച്ച വിളക്കുകള്‍ സാമൂഹ്യ വിരുദ്ധ സംഘം കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. മന്ത്രിസഭ മാറിയതോടെ എല്ലാം നിലച്ച മട്ടായി. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ നോക്കിക്കൊണ്ടിരിക്കുന്നുണ്ടെന്നും, അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ ഇക്കാര്യം അവതരിപ്പിച്ച് ഇത് പൂര്‍ത്തിയാക്കുവാന്‍ വേണ്ട നടപടികള്‍ക്കായി ശ്രമിക്കുമെന്നും മൂന്നാം വാര്‍ഡ് മെമ്പറായ ടി.ആര് രാഹുല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."