പ്രതീക്ഷയുടെ നെറുകയില്‍ ജില്ല
കാസര്‍കോട്: സംസ്ഥാന ബജറ്റില്‍ കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാതക്കും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും തുക നീക്കി വച്ചത് ജില്ലയ്ക്കു പ്രതീക്ഷയേകുന്നു. കാലങ്ങളായി ജില്ലയിലെ ജനം ആവശ്യപ്പെടുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ പാതക്ക് ബജറ്റില്‍ 20 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചത്.
ഇതിനു പുറമെ ഏറെ ദുരിതങ്ങള്‍ അനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരായ ജില്ലയിലെ രോഗികള്‍ക്ക് 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
അത്യുത്തര കേരളത്തിന്റെ സ്വപ്ന പദ്ധതിയാണു കാഞ്ഞങ്ങാട് കാണിയൂര്‍ പാത. എന്നാല്‍ ഈ പാത സ്ഥാപിക്കാനാവശ്യമായ നിരവധി പ്രവര്‍ത്തികള്‍ ബന്ധപ്പെട്ടവര്‍ നടത്തിയിരുന്നെങ്കിലും കേന്ദ്ര പദ്ധതികളുടെ പകുതി വിഹിതം അതാതു സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണമെന്ന കേന്ദ്ര മാനദണ്ഡം ഈ പാത സ്ഥാപിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ഈ മാനദണ്ഡം തത്വത്തില്‍ അംഗീകരിക്കുകയാണ് ബജറ്റില്‍ തുക അനുവദിച്ചത് വഴി സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന സൂചനയാണ് ഉയരുന്നത്.
കാഞ്ഞങ്ങാടു നിന്നു പാണത്തൂര്‍ ചെമ്പേരി വഴിയുള്ള ഈ പാത നിലവില്‍ വന്നാല്‍ കേരളത്തില്‍ നിന്ന് എളുപ്പത്തില്‍ കര്‍ണാടകയിലെ ബംഗളൂരുവില്‍ എത്തി ചേരാന്‍ സാധിക്കും. നിലവില്‍ ഷൊര്‍ണ്ണൂര്‍, മംഗളൂരു വഴിയാണ് യാത്രക്കാര്‍ ബംഗളൂരുവിലേക്കു പോകുന്നത്.
കാലങ്ങളായി ഉത്തര മലബാറിലെ ജനങ്ങളുടെ സ്വപ്നമാണ് ഈ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."