മലയോര മേഖലയില്‍ നിപാ ഭീതി പൂര്‍ണമായും ഒഴിഞ്ഞു
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ മാട്ടുമുറി സ്വദേശി നിപാ വൈറസ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മലയോര മേഖലയില്‍ ഉടലെടുത്ത ഭീതി പൂര്‍ണമായും ഒഴിഞ്ഞു.
ഇതുസംബന്ധിച്ച് മലയോര മേഖലയില്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ ജാഗ്രതാ നിര്‍ദേശങ്ങളും പിന്‍വലിച്ചു. നിപാ ബാധിച്ച് മരിച്ച അഖിലുമായി ഇടപഴകി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 150 പേരെ നിയന്ത്രണങ്ങളില്‍നിന്നു പൂര്‍ണമായും ഒഴിവാക്കി. ഇവരുടെ നിരീക്ഷണ സമയം ഇന്നലെ അവസാനിച്ചു. അഖിലിന്റെ വീട് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദിന്റെയും കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ലയുടെയും കാരശ്ശേരി മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാലിന്റെയും നേതൃത്വത്തില്‍ ഇന്നലെ സന്ദര്‍ശിച്ചു.
നാട്ടുകാരില്‍ ചിലര്‍ ഇപ്പോഴും ഒറ്റപ്പെടുത്തുന്നതായും ചിലര്‍ ഭീതിയോടെ തങ്ങളെ നോക്കുന്നതായും കുടുംബം പരാതിപ്പെട്ടു. നിപയുമായി ബന്ധപ്പെട്ട് 21 ദിവസത്തോളം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ ചെയ്ത ത്യാഗം വലിയ മഹത്തരമാണെന്നും സമൂഹം ഇവരെ ഒറ്റപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും പ്രസിഡന്റ് വി.കെ വിനോദ് പറഞ്ഞു. കാരശ്ശേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സജി തോമസ്, അംഗങ്ങളായ സുനില കണ്ണങ്കര, സവാദ് ഇബ്രാഹിം എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."