HOME
DETAILS
MAL
ഒന്നു നിര്‍ത്തുമോയെന്ന് യു.എന്‍
backup
May 09 2020 | 03:05 AM
വാഷിങ്ടണ്‍: കൊവിഡിന്റെ പേരിലുള്ള വിദ്വേഷത്തിലും തര്‍ക്കത്തിലും സഹികെട്ട് യു.എന്‍. ഇതൊന്നു നിര്‍ത്താമോയെന്ന് ഒടുവില്‍ യു.എന്നിന് ചോദിക്കേണ്ടിവന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങളും വിവാദങ്ങളും വൈറസ് വ്യാപനത്തിന്റെ പേരില്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന ആരോപണങ്ങളും നിര്‍ത്തണമെന്ന അഭ്യര്‍ഥനയാണ് യു.എന്‍ നടത്തിയത്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് ഒരു രാജ്യത്തിന്റെയും പേര് പരാമര്‍ശിക്കാതെ, ഇത്തരത്തിലൊരു അഭ്യര്‍ഥന നടത്തിയത്.
വെറുപ്പിന്റെ സുനാമിയും അപരനോടുള്ള വിദ്വേഷവും അവസാനിപ്പിക്കണമെന്നായിരുന്നു വിഡിയോ സന്ദേശത്തിലൂടെ യു.എന്‍ സെക്രട്ടറി ജനറല്‍ അഭ്യര്‍ഥിച്ചത്. ഓണ്‍ലൈനില്‍ വംശീയ വിദ്വേഷം ഉയര്‍ത്തുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ വേണ്ടതു ചെയ്യണമെന്ന് സോഷ്യല്‍മീഡിയാ കമ്പനികളോട് അഭ്യര്‍ഥിച്ച അദ്ദേഹം, വിദ്യാര്‍ഥികളെ ഡിജിറ്റല്‍ സാക്ഷരത പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അഭ്യര്‍ഥിച്ചു. രാജ്യങ്ങള്‍ പരസ്പരം ഓണ്‍ലൈനിലൂടെയും അല്ലാതെയും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നെന്നു പറഞ്ഞ അദ്ദേഹം, ഇത് തെരുവിലേക്കും വ്യാപിക്കുകയാണെന്നും ഇവ നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇസ്‌ലാം അടക്കമുള്ള മതവിശ്വാസികള്‍ക്കെതിരേ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പെട്ടതായും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും പലയിടങ്ങളിലും കൊവിഡ് വാഹകരായി മുദ്രകുത്തപ്പെടുന്നുണ്ടെന്നും ഇവര്‍ക്കു മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏതെങ്കിലും രാജ്യത്തിന്റെയോ മറ്റോ പേരുകള്‍ പരാമര്‍ശിക്കാതെയാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ പരാമര്‍ശം.
നേരത്തെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശങ്ങള്‍ നടന്നതു വിവാദമായിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനവുമായി വിദേശ സംഘടനകളടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. കൊവിഡ് വിഷയത്തില്‍ അമേരിക്കയും ചൈനയും പരസ്പരം പഴിചാരുന്നത് തുടരുകയാണ്.
ചൈനയിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണ് കൊറോണ വൈറസെന്ന ആരോപണം അമേരിക്ക ശക്തിപ്പെടുത്തുകയും ചൈന അതിനെതിരേ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ആരോപണങ്ങള്‍ക്കു തെളിവുണ്ടെന്ന് അമേരിക്ക പറയുമ്പോള്‍, ഇല്ലെന്നാണ് ചൈനയും ലോകാരോഗ്യ സംഘടനയും ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."