ഉമ്മ; കൂടെയുള്ള കാവല്‍
'ഉമ്മ പെയ്യുമ്പോള്‍' പുറത്തിറങ്ങി നനയണം. കുട ചൂടരുത്. ആ മഴ മുഴുവനും കൊണ്ടവരാണ് ഭാഗ്യംചെയ്തവര്‍. കലര്‍പ്പില്ലാത്ത സ്‌നേഹം പൊതിഞ്ഞ നേര്‍ത്ത കോന്തലത്തലപ്പിലെ തണുപ്പറിഞ്ഞവര്‍ വിജയികള്‍. ഉമ്മമാര്‍ മാതൃത്വം എന്ന മകുടമണിഞ്ഞ കാവല്‍മാലാഖമാര്‍!
മനുഷ്യസാധ്യമായ ഏറ്റവും ഉല്‍കൃഷ്ടമായ സ്വഭാവവും സഹവാസവും പ്രകടിപ്പിക്കേണ്ടത് ഉമ്മയോടാണ്, ഒന്നാമതായും രണ്ടാമതായും മൂന്നാമതായും. ഖുര്‍ആനികാധ്യാപനങ്ങളില്‍ ഉമ്മയോടുള്ള സവിശേഷമായ കരുതല്‍ പ്രകടമാണ്.'കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള്‍ മാതാപിതാക്കള്‍ക്ക് താഴ്ത്തിക്കൊടുക്കുക, ഉദാത്ത സമീപനംപുലര്‍ത്തുക, 'ച്ഛെ' എന്ന നീരസവാക്കുപോലും ഉപയോഗിക്കാതിരിക്കുക, കയര്‍ത്തു സംസാരിക്കാതിരിക്കുക' എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. പ്രാര്‍ഥനയുടെ വചനം പോലും സ്രഷ്ടാവ് പഠിപ്പിച്ചു : 'എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതുപോലെ ഇവര്‍ ഇരുവര്‍ക്കും നീ കരുണ ചൊരിയേണമേ' (അല്‍ ഇസ്‌റാഅ്: 23, 24).
ഉമ്മയുടെ ത്യാഗങ്ങളോട് മക്കളുടെ നന്മകള്‍ തുലനംചെയ്യല്‍ സാധ്യമല്ല. ചുമലുകള്‍ ഉമ്മയുടെ വാഹനമായി വര്‍ഷങ്ങള്‍ താണ്ടിയാലും തോളിലിരുത്തി കഅ്ബ ചുറ്റിയാലും. ചെറുപ്പത്തില്‍ സ്‌നേഹവും പരിചരണവും വാത്സല്യവും അതിരിടാതെ പകരുമ്പോള്‍ ഉമ്മയുടെ തേട്ടം മക്കളുടെ അപരിമിതമായ വളര്‍ച്ചയാണ്. വൃദ്ധയായ മാതാവിന് സാധ്യമായ നന്മകള്‍ ചെയ്യുന്ന മക്കള്‍ പക്ഷേ, ഒരുനാള്‍ മങ്ങിയകലുന്ന ഉമ്മയെയാണ് കണ്ണില്‍ കാണുന്നത്.
ഒരിക്കല്‍ ഉമര്‍ (റ) അടക്കമുള്ള സ്വഹാബികളോട് റസൂല്‍ (സ) പറഞ്ഞു: 'യമന്‍ ദേശത്തുനിന്ന് ഒരു നാണയവലിപ്പത്തില്‍ വെള്ളപ്പാണ്ട് ശരീരത്തിലുള്ള ഉവൈസുബ്‌നു ആമിര്‍ (ഉവൈസുല്‍ ഖര്‍നി) നിങ്ങളിലേക്ക് വരും. അദ്ദേഹം ഉമ്മയോട് അത്യധികം നന്മചെയ്യുന്നവരാണ്. അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ഉത്തരം ഉറപ്പ്. സാധിച്ചാല്‍ അദ്ദേഹത്തോട് പാപമോചനത്തിന് പ്രാര്‍ഥിക്കാന്‍ പറയുക' (സ്വഹീഹ് മുസ്‌ലിം). പ്രാര്‍ഥനയ്ക്കുത്തരം ഉറപ്പായ ഈ മഹദ്‌വ്യക്തിത്വത്തെപ്പറ്റി ഹദീസില്‍ പരാമൃഷ്ടമായ ഏക സദ്ഗുണം ഉമ്മയോടുള്ള നന്മയാണ്. ഉമ്മയെ പരിചരിക്കുന്നതില്‍ വീഴ്ചവരുമോ എന്നു ഭയന്നതുകൊണ്ടാണ്, അദ്ദേഹം റസൂലി(സ)നെ സന്ദര്‍ശിക്കാതിരുന്നതും 'സ്വഹാബി'യെന്ന വലിയ പദവി ലഭിക്കാതെപോയതും. പക്ഷേ, സ്രഷ്ടാവിന്റെ അടുത്ത് അവരുടെ സ്ഥാനമാണ് തിരുമേനി(സ) പഠിപ്പിച്ചത്.
ഉമ്മയുടെ വിളികേള്‍ക്കാതെ സുന്നത്ത് നിസ്‌കാരത്തില്‍ വ്യാപൃതനായ ജുറൈജി(റ)നെതിരേ ഉമ്മയുടെ പ്രാര്‍ഥന ഫലിച്ചതിനെക്കുറിച്ച് റസൂല്‍(സ) വിവരിച്ചിട്ടുണ്ട്. സുന്നത്ത് നിസ്‌കാരം മുറിക്കാതിരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍, ഉമ്മയുടെ വിളിക്ക് ഉത്തരംനല്‍കല്‍ നിര്‍ബന്ധബാധ്യതയാണ്. (നവവി (റ), ശറഹ് സ്വഹീഹ് മുസ്‌ലിം).
'വാര്‍ധക്യപ്രാപ്തരായ മാതാപിതാക്കളെ അല്ലെങ്കില്‍ അവരിലൊരാളെ ലഭിച്ചിട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കാത്തവന് നിന്ദ്യമായ നാശം' എന്ന ഹദീസ് മാതാപിതാക്കളോടുള്ള നന്മ സ്വര്‍ഗത്തിലേക്കുള്ള സുനിശ്ചിതമായ പാഥേയമാണെന്നു ബോധ്യപ്പെടുത്തുന്നു (സ്വഹീഹ് മുസ്‌ലിം).
നിര്യാണശേഷം ഉമ്മയുടെ പേരില്‍ ഉയര്‍ത്തുന്ന സ്മാരകങ്ങളുടെയും നല്‍കുന്ന ധര്‍മങ്ങളുടെയും മേന്മ ചെറുതല്ല. എങ്കിലും, ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ നുറുങ്ങു നന്മകളാല്‍ അവരുടെ മുഖത്ത് വിരിയുന്ന ചെറുപുഞ്ചിരികളുടെ വലിയ വില നാം കാണാതെപോകരുത്.
പുതിയ തലമുറയുടെ ലോകവിവരമോ കാഴ്ചപ്പാടുകളോ ഇല്ലെങ്കിലും തീരുമാനങ്ങളെടുക്കുമ്പോള്‍ ഉമ്മയുടെ അഭിപ്രായവും അനുമതിയും ചോദിക്കുമ്പോള്‍ 'പരിഗണന'യെന്ന വലിയ പീഠത്തിലാണ് നാം അവരെ പ്രതിഷ്ഠിക്കുന്നത്. അതിനോളം അവര്‍ ആഗ്രഹിക്കുന്ന മറ്റെന്തുണ്ടാവും വാര്‍ധക്യത്തില്‍? ഭാര്യയുമൊത്തുളള ജീവിതം തുടങ്ങുമ്പോള്‍ ഉമ്മയെ 'വേറെ കണ്ണോ'ടെ കാണുന്നവര്‍ കൂടെയുളള കാവല്‍വിളക്കിനെയാണ് അണയ്ക്കാന്‍ ശ്രമിക്കുന്നത്. ആകാശത്തിന് താഴെ പ്രതിഫലേച്ഛയൊന്നുമില്ലാതെ നിര്‍മലമായ ഒരു 'ഫീല്‍' നമുക്കായി മനസില്‍ വിടര്‍ത്തിയ സ്‌നേഹസൂനമാണ് ഉമ്മ. നഷ്ടപ്പെടുന്നത് വരെ നാം തിരിച്ചറിയാത്ത, ദൈവത്തിന്റെ അമൂല്യമായ വരദാനം!
നാം കാരണം ഉമ്മ പൊഴിക്കുന്ന ഒരിറ്റു കണ്ണീരിനു പകരം ഭാവിയില്‍ ഒരു കുടം കണ്ണീര്‍ ഉതിര്‍ക്കേണ്ടിവരുമെന്ന വിചാരം കൂടെ കരുതുക. മാതൃപാദങ്ങളില്‍ അടയിരിക്കുന്ന സ്വര്‍ഗക്കിനാവുകള്‍ക്ക് കര്‍മംകൊണ്ടു നമുക്കു ജീവന്‍ പകരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."