അവ്യക്തത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് എം.പിയുടെ ശ്രമം: കേരളാ കോണ്‍ഗ്രസ് (എം)
തൊടുപുഴ : പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിശ്ചയിക്കുന്ന വിഷയത്തില്‍ അവ്യക്തത സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഹീനശ്രമമാണ് ജോയ്സ് ജോര്‍ജ് എം.പി നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് പറഞ്ഞു.
കസ്തൂരി രംഗന് വിഷയത്തില്‍ മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്ത ജോലികളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോഴത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെയ്യുന്നതെന്ന വസ്തുത എം.പി ജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുകയാണ്. മുന്‍ യു.പി.എ. സര്‍ക്കാരിന്റെ അവസാന കാലത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഇടുക്കിയിലെ ഇ.എസ്.എ. പ്രദേശങ്ങളില്‍ നിന്ന് വാസസ്ഥലങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കാന്‍ തീരുമാനിക്കുകയും അതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ വനം - റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റികള്‍ ഭൂപടം തയ്യാറാക്കി കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ സമര്‍പ്പിച്ച ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ യു.പി.എ. സര്‍ക്കാര്‍ തന്നെ കരടു വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ഭൂപടം തയ്യാറാക്കിയത് ജോയ്സ് ജോര്‍ജ് എം.പി.അംഗമായ ഹൈറേഞ്ച് സംരക്ഷണ സമിതിയും പങ്കെടുത്ത സര്‍വ്വ കക്ഷി യോഗത്തിന്റെ അംഗീകാരത്തോടെയാണ്.
ഈ ഭൂപടത്തില്‍ ഓരോ വില്ലേജുകളിലേയും പാറക്കെട്ടുകള്‍, നീര്‍ക്കെട്ടുകള്‍, ചതുപ്പുകള്‍ തുടങ്ങിയവ ഇ.എസ്.എ. യില്‍ നിലനിര്‍ത്തിയും അധിവാസ - കൃഷിയിടങ്ങളെ ഒഴിവാക്കുകയുമാണ് ചെയ്തത്. യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറാക്കി നല്കിയ ഈ റിപ്പോര്‍ട്ട് കേന്ദ്രത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ എം.പി.ക്ക് കഴിഞ്ഞില്ലെന്ന് എം.ജെ ജേക്കബ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."