കണ്ണൂരില്‍ എല്‍.ഡി.എഫ് പോര്‍ക്കളത്തിലിറങ്ങി
#എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: പി.കെ ശ്രീമതിയെ വീണ്ടും മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് വ്യക്തമായ ചിത്രവുമായി പോര്‍ക്കളത്തിലിറങ്ങി. തുടര്‍ച്ചയായ രണ്ടാംതവണയാണു ശ്രീമതി കണ്ണൂരില്‍ ജനവിധി തേടുന്നത്. ഇന്നു ചേരുന്ന സി.പി.എം ലോക്‌സഭാ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ശ്രീമതിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. നാളെ തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാനസമിതി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
മണ്ഡലത്തില്‍ നിന്നു തന്നെയുള്ള ശക്തയായ സ്ഥാനാര്‍ഥിയെയാണ് എല്‍.ഡി.എഫ് അവതരിപ്പിക്കുന്നത്. എം.പി എന്ന നിലയില്‍ രാഷ്ട്രീയഭേദമെന്യെ മണ്ഡലത്തിലെ സ്വീകാര്യതയും പാര്‍ട്ടിക്കു പരമ്പരാഗതമായി ലഭിക്കാതിരുന്ന ചില വിഭാഗങ്ങളുടെ വോട്ട് കഴിഞ്ഞതവണ ലഭിച്ചതുമാണു ശ്രീമതിയെ തന്നെ കളത്തിലിറക്കാനുള്ള തീരുമാനത്തിനു പിന്നില്‍. കഴിഞ്ഞതവണ കെ. സുധാകരനെ 6,566 വോട്ടുകള്‍ക്കാണ് ശ്രീമതി തോല്‍പിച്ചത്. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി പാര്‍ലിമെന്ററി രംഗത്തെത്തിയ ശ്രീമതി രണ്ടുതവണ പയ്യന്നൂരില്‍ നിന്ന് നിയമസഭയിലെത്തി. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു. നിലവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമാണ്.
ശ്രീമതിക്കൊപ്പം ഇക്കുറി സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അദ്ദേഹത്തിനെതിരേ കൊലക്കുറ്റം ചുമത്തപ്പെട്ടതോടെ ശ്രീമതിയുടെ പേരില്‍ തന്നെ കാര്യങ്ങള്‍ എത്തുകയായിരുന്നു.
പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിക്കുന്നതിനു മുന്‍പ് തന്നെ ശ്രീമതിയെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം ധാരണയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മണ്ഡലത്തിലുടനീളം ശ്രീമതിയുടെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള കൂറ്റന്‍ ബോര്‍ഡുകള്‍ നിരന്നുകഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനമെന്ന സാങ്കേതിക കടമ്പ മാത്രമേ ബാക്കിയുള്ളൂ.
അതിനുമുന്‍പ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു കണ്ണൂരില്‍ എല്‍.ഡി.എഫ് തുടക്കമിട്ടിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്റെ പേരിനാണു മുന്‍തൂക്കം. സുധാകരന്‍ സ്ഥാനാര്‍ഥിയായെത്തിയാല്‍ ശക്തമായ മത്സരമാണു കണ്ണൂരില്‍ അരങ്ങേറുക. ഇതുകൂടി മുന്നില്‍ക്കണ്ടാണു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് പ്രചാരണവുമായി സി.പി.എം രംഗത്തിറങ്ങിയത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."